തിരുവനന്തപുരം- കാഴ്ച പരിമിതി മറികടന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ കാട്ടാക്കട വീരണകാവ് സ്വദേശി ഗോകുലിന് അഭിനന്ദന പ്രവാഹം. വിജയം അറിഞ്ഞതിന് പിന്നാലെ ഗോകുലിനെ തേടിയെത്തിയത് കേന്ദ്രമന്ത്രി വി. മുരളീധരന്റെ അഭിനന്ദനം. തലസ്ഥാനത്തെത്തുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രിയുടെ വാഗ്്ദാനം.
കാഴ്ച പരിമിതികളെ അതിജീവിച്ച് 804-ാം റാങ്ക് നേടിയ ഗോകുലിന്റെ വീട്ടില്‍ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എത്തി.
ബിരുദ പഠനകാലത്തുതന്നെ ഗോകുല്‍ സിവില്‍ സര്‍വീസിനായുള്ള പഠനം ആരംഭിച്ചിരുന്നു. ഇക്കാലയളവില്‍ സിലബസ് പൂര്‍ണമായും പഠിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ പി.ജി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്നതിനു ശേഷമാണ് മെയിന്‍ പരീക്ഷ എഴുതിയെടുത്തതും അഭിമുഖത്തില്‍ പങ്കെടുത്തതും. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍നിന്നാണ് ഗോകുല്‍ ഇംഗ്ലീഷില്‍ ബിരുദവും പി.ജിയും പൂര്‍ത്തിയാക്കിയത്. നിലവില്‍ കേരള സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ്.
വഴുതക്കാട് എന്‍.സി.സി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറിന്റെയും കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപിക ശോഭയുടെയും ഏകമകനാണ്.