റിയാദ് - തലസ്ഥാന നഗരിയിലെ മെയിന്‍ റോഡിലൂടെ സൗദി യുവതി കാറോടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. തിരക്കേറിയ റോഡിലൂടെയാണ് യുവതി കാറോടിച്ചത്. യുവതിയുടെ മകളും വേലക്കാരിയും ഈ സമയത്ത് പിന്‍സീറ്റിലുണ്ടായിരുന്നു. വാഹനമോടിക്കുന്ന വനിതകള്‍ക്ക് ട്രാഫിക് ഡയറക്ടറേറ്റ് 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് യുവതികള്‍ കാറുമായി വിവിധ നഗരങ്ങളില്‍ തെരുവുകളില്‍ ഇറങ്ങുന്നത്. നിയമ ലംഘകരായ വനിതകളെ കസ്റ്റഡിയിലെടുക്കുന്നില്ല. വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്നതിന് തീരുമാനമായിട്ടുണ്ട്. എന്നാൽ 2018 ജൂൺ 24 മുതൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ. ഡ്രൈവിംഗ് അനുമതി തീരുമാനം പുറത്തു വന്നതിനു പിന്നാലെ പല പ്രവിശ്യകളിലും യുവതികൾ കാറുകളുമായി പുറത്തിറങ്ങാൻ തുടങ്ങിയിട്ടുണ്ട്. യുവതികൾ ഓടിച്ച കാറുകൾ അപകടത്തിൽപെട്ട ഏതാനും സംഭവങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു.
വാഹനമോടിച്ചതിന് ആദ്യമായി ഒരു വനിതക്ക് പിഴ ചുമത്തിയത് റിയാദിലാണ്. തലസ്ഥാന നഗരിയിലെ റോഡിലൂടെ യുവതി കാറോടിക്കുന്നതിന്റെ വീഡിയോ ക്ലിപ്പിംഗ് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ തിരിച്ചറിഞ്ഞ് ട്രാഫിക് ഡയറക്ടറേറ്റ് പിഴ ചുമത്തിയത്. ട്രാഫിക് പോലീസിൽ വനിതകളെ നിയമിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പഠിക്കുന്നുണ്ട്. വനിതാ ഡ്രൈവർമാർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും വനിതാ നിയമ ലംഘകരെ കൈകാര്യം ചെയ്യുന്നതിനും ട്രാഫിക് പോലീസിൽ വനിതകളെ നിയമിക്കുന്നതിനാണ് നീക്കം.