Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞു, യാത്രക്കാര്‍ രക്ഷപ്പെട്ടു

കൊല്ലം-  കൊട്ടാരക്കര എം.സി റോഡില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. അത്ഭുതകരമായാണ് ഇവര്‍ രക്ഷപ്പെട്ടത്.
പനവേലിയില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 നായിരുന്നു അപകടം. കടയ്ക്കലില്‍നിന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് രോഗിയുമായി പോയ 108 ആംബുലന്‍സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന കടയ്ക്കല്‍ സ്വദേശിയായ 40 കാരന്‍, കൊട്ടാരക്കര സ്വദേശിയായ നഴ്‌സ് ആദര്‍ശ്(25), ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി സുള്‍ഫിക്കര്‍(31) എന്നിവരാണ് പരിക്കുകളോടെ രക്ഷപെട്ടത്.
റോഡില്‍ കുറുകെ ചാടിയ തെരുവുനായയെ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിക്കവേ റോഡരികിലെ കൈവരികള്‍ തകര്‍ത്ത് മറിയുകയായിരുന്നു.
കൊട്ടാരക്കരയില്‍നിന്നു മറ്റൊരു 108 ആംബുലന്‍സ് എത്തിയാണ് മൂന്നു പേരെയും താലൂക്കാശുപത്രിയില്‍ എത്തിച്ചത്. കോവിഡ് രോഗിയെ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കോവിഡ് ആംബുലന്‍സ് മറിഞ്ഞിടത്ത് ആളുകള്‍ കൂടാതിരിക്കാന്‍ പോലീസ് പരിശ്രമിച്ചു. കടയ്ക്കല്‍ അയിരക്കുഴിയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരെ വാളകത്തെ  കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിച്ചിരുന്നു. ഇതില്‍ രണ്ടു പേരെ ഇവിടെ അഡ്മിറ്റ് ചെയ്യുകയും ഒരാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.

 

Latest News