തിരുവനന്തപുരം- വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പിന്റെ സൂത്രധാരൻ ബിജുലാലിനെ സമ്മറി ഡിസ്മിസലിനു വിധേയനാക്കാൻ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ ഫിനാൻസ് സെക്രട്ടറി ആർ.കെ. സിംഗും എൻഐസി ട്രഷറി ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്മിസലിനുള്ള ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല. ഗുരുതരമായ സൈബർ െ്രെകമാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്ന് വളരെ വ്യക്തമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
ധനവകുപ്പിന്റെ മൂന്നു പേരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഉണ്ടായ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് നിശ്ചയിക്കുന്നതും നടപടിയെടുക്കുന്നതുമാണ്. ഈ തട്ടിപ്പിൽ വഞ്ചിയൂർ ട്രഷറിയിലെ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കും.
അന്വേഷണവേളയിൽ തട്ടിപ്പു കണ്ടുപിടിച്ച എസ്.റ്റി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സ്ഥലം മാറ്റുന്നു. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങൾ നൽകുന്നതിന് ഇവർ എല്ലാവരും ബാധ്യസ്ഥരായിരിക്കും.
വീണ്ടും ട്രഷറി സോഫ്റ്റ്‌വെയർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കുന്നതാണ്. ഇതിനു പുറമേ ഫംങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻഐസിയുടെയും ട്രഷറി ഐ.ടി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നൽകും. സമാനമായ സംഭവങ്ങൾ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.