കൊല്ലം- അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച രീതി അന്വേഷണ സംഘം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കണം നടത്തി. പമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു ഡമ്മി പരിക്ഷണം.
കേസിന്റെ കുറ്റപത്രം അടുത്ത ആഴ്ച കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. ശാസ്ത്രിയ തെളിവെടുപ്പിന്റെ ഭാഗം കൂടിയായിരുന്നു ഉത്രയുടെ കൊലപാതകം പുനരാവിഷ്‌കരിച്ചത്.
അരിപ്പയിലെ വനംവകുപ്പ് പരിശീലന കേന്ദ്രത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരിക്ഷണം. ഉത്രയുടെ ഉയരം, ഭാരം എന്നിവ കണക്കാക്കിയതിന് ശേഷം തയാറാക്കിയ ഡമ്മിയിലാണ് പരീക്ഷണം നടത്തിയത്. പാമ്പിനെ പ്രകോപിപ്പിച്ചാല്‍ കടിക്കുമെന്ന് തെളിയിക്കുന്നതിന് വേണ്ടി പരിക്ഷണം വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ശാസ്ത്രീയ തെളിവായി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സാധാരണ ഗതിയില്‍ പാമ്പ് കടിക്കുമ്പോള്‍ ശരിരത്തില്‍ ഉണ്ടാകുന്ന മുറിവില്‍നിന്നു വ്യത്യസ്തമാണ് പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവ് എന്നും അന്വേഷണ സംഘം കണ്ടെത്തിയിടുണ്ട്.
ഗാര്‍ഹിക പീഡനം, കൊലപാതകം എന്നിങ്ങനെ രണ്ട് കുറ്റപത്രം സമര്‍പ്പിക്കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിടുണ്ട്. ഗാര്‍ഹിക പീഡനത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും പ്രതികളാകും. തൊട്ടുപിന്നാലെ വനംവകുപ്പും വനം-വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് കുറ്റപത്രം സമര്‍പ്പിക്കും.