തിരുവനന്തപുരം- സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായരെ ലൈംഗികമായി ദുരുപയോഗം ചെയ്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ബലാല്‍സംഗ കേസെടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റു നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു സരിത എഴുതിയ കത്തിന്മേല്‍ വിശദമായ അന്വേഷണം നടക്കും. ഈ കത്തില്‍ പേരുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം. ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കി അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കാനാണ് തീരുമാനം.
സോളാര്‍ തട്ടിപ്പ് പുറത്തു വന്ന ഘട്ടത്തില്‍ മന്ത്രിസഭയിലുള്ളവരടക്കം നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി സരിത ആരോപിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് സരതി എഴുതിയ കത്തില്‍ വെളിപ്പെടുത്തിയിരുന്നത്. മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, മുന്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ എം പി, ജോസ് കെ മാണി എം പി, ഹൈബീ ഈഡന്‍ എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, എ.ഡി.ജി.പി കെ. പത്മകുമാര്‍ തുടങ്ങിയവരുടെ പേരുകളും കത്തില്‍ പറഞ്ഞിട്ടുണ്ട്.
2013-ല്‍ പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് സരിത കത്തെഴുതിയത്. ഇത് തന്റേതാണെന്ന് അവര്‍ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിച്ച പോലീസ് ഈ കത്തിലെ ആരോപണങ്ങള്‍ പരിശോധിച്ചില്ലെന്ന് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു.
സരിതയുടെ നേതൃത്വത്തിലുള്ള സ്ഥാപനമായ ടീം സോളാറിന് വഴി വിട്ട സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്നും സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയായി പരിഗണിക്കപ്പെടുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയുരുന്നു. ലൈംഗിക പീഡനം, ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചാര്‍ത്തി ആരോപണവിധേയര്‍ക്കെതിരെ കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.