ദുബായ്-കോവിഡ് കാലത്ത് നിരവധി പ്രവാസികളാണ് നാട്ടിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് കാരണം പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായാണ് മടക്കം. അതിനിടെ 61 പ്രവാസികള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കി സഹായിച്ച് നന്മയുടെ വെളിച്ചമായി മാറിയിരിക്കുകയാണ് മലയാളിയായ പ്രവാസി. മരിച്ച് പോയ മകന്റെ ഓര്‍മ്മയ്ക്ക് വേണ്ടിയാണ് ഈ നന്മ. മലയാളിയായ ടിഎന്‍ കൃഷ്ണകുമാര്‍ ആണ് 61 പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് വരാനുളള കൈത്താങ്ങായി മാറിയത്. കഴിഞ്ഞ വര്‍ഷമാണ് കൃഷ്ണകുമാറിന്റെ മകന്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ടത്. വളരെ നാളുകളായി ദുബായില്‍ ജോലി ചെയ്യുകയാണ് കൃഷ്ണ കുമാര്‍.
ആളുകള്‍ വളരെ അധികം വേദന അനുഭവിക്കുകയാണ്. മിക്കവരും ചെറിയ ജോലികള്‍ ചെയ്യുന്നവരാണ്. അവരില്‍ തന്നെ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിരിക്കുന്നു. നാട്ടിലേക്ക് തിരിച്ച് പോകാനുളള സാമ്പത്തിക ശേഷിയില്ല. അവര്‍ നാട്ടിലേക്ക് തിരിച്ച് പോയി തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പമിരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കൃഷ്ണകുമാര്‍ പറയുന്നു. കഴിഞ്ഞ 32 വര്‍ഷമായി കൃഷ്ണകുമാര്‍ ദുബായിലാണ് ജീവിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് കാലത്താണ് കൃഷ്ണകുമാറിന്റെ ഇളയ മകനായ രോഹിത് കാര്‍ അപകടത്തില്‍ മരണപ്പെടുന്നത്. രോഹിതിന് 19 വയസ്സായിരുന്നു പ്രായം. വീട്ടില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ ആയിരുന്നു അപകടം. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയിരുന്നു രോഹിത്, നിയന്ത്രണം വിട്ട് കാര്‍ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തും രോഹിത്തും തല്‍ക്ഷണം മരിച്ചു.മകന്റെ മരണം തന്നെ തകര്‍ത്തു കളഞ്ഞെന്ന് കൃഷ്ണകുമാര്‍ പറയുന്നു. കൃഷ്ണകുമാറിന് ഒരു മകന്‍ കൂടിയുണ്ട്. ദുബായില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ് കൃഷ്ണ കുമാര്‍. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. ഈ കോളേജിലെ 1985 ബാച്ചിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ആള്‍ കേരള കോളേജ് അലുമിനി ഫ്രണ്ടിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ കൃഷ്ണ കുമാര്‍ സജീവമാണ്.