Sorry, you need to enable JavaScript to visit this website.

ബംഗാളികളെ കൊല്ലുന്നെന്ന നുണപ്രചാരണം; കൊച്ചിയില്‍ ഒരാള്‍ പിടിയില്‍

കൊച്ചി- ഏതാനും ദിവസങ്ങളായി കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടക്കുന്ന നുണപ്രചാരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ കൊല്‍ക്കത്ത സ്വദേശിയെ പിടികൂടി.

കലൂര്‍ സ്റ്റേഡിയത്തിനു സമീപം മലയാളികള്‍ സംഘം ചേര്‍ന്ന് ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് താന്‍ നേരില്‍ കണ്ടുവെന്നും ജീവന്‍ വേണമെങ്കില്‍ ഉടന്‍ നാട്ടിലേക്ക് രക്ഷപ്പെടാനും ആവശ്യപ്പെട്ട് എറണാകുളത്തെ ഹോട്ടലുകളില്‍ കയറിയിറങ്ങിയ സുബൈര്‍ എന്നയാളാണ് പിടിയിലായത്.

 

നഗരത്തിലെ ഒരു ഹോട്ടല്‍ നടത്തിപ്പുകാര്‍ സംശയം തോന്നി ഇയാളെ തടഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. തമാശയ്ക്ക് ചെയ്തതാണെന്ന് ഇയാള്‍ പറഞ്ഞു. പോലീസിനു കൈമാറിയെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. 

 

പ്രധാനമായും വാട്‌സാപ്പ് വഴി നടക്കുന്ന നുണപ്രചാരണം മൂലം ഹോട്ടല്‍ മേഖലയില്‍ ജോലിചെയ്യുന്ന 40 ശതമാനത്തോളം ഇതരസംസ്ഥാന തൊഴിലാളികളും നാട്ടിലേക്ക് തിരിച്ചു പോയതായി ഹോട്ടലുടമകള്‍ പറയുന്നു. ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഈ നുണപ്രചാരണം. പരിഭ്രാന്തരായി തിരിച്ചു പോകുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. നുണപ്രചാരണത്തിന് ഉപയോഗിക്കുന്ന  വീഡിയോ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

 

കോഴിക്കോട്ടെ ഹോട്ടലില്‍ ബംഗാളി തൊഴിലാളിയെ അടിച്ചുകൊലപ്പെടുത്തി എന്ന വ്യാജ വാര്‍ത്തയും പ്രചരിച്ചിരുന്നു. കോഴിക്കോട്ടേയും കൊച്ചിയിലേയും ഹോട്ടലുകള്‍ ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നിരുന്നു.

 

Latest News