തിരുവനന്തപുരം- സോളാര്‍ തട്ടിപ്പു കേസ് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും കണ്ടെത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ ആഭ്യന്തര വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താനും ശുപാര്‍ശയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അന്നത്തെ ആഭ്യന്തര- വിജിലന്‍സ് വകുപ്പു മന്ത്രിയായ തിരുവഞ്ചൂര്‍ പോലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്തിയെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നേരത്തെ അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ഇരുവരും ചൊവ്വാഴ്ച സര്‍ക്കാരിനു മറുപടി നല്‍കി. ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കും.
സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക പീഡനം കൈക്കൂലിയായി കണക്കാക്കാമെന്നും ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കുറ്റം ചുമത്താമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കും. നോര്‍ത്ത് സോണ്‍ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്തിലുള്ള സംഘത്തിനായിരിക്കും അന്വേഷണ ചുമതല. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേയും വിജലന്‍സ് അന്വേഷണം നടക്കും.