Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ് ഗ്രൂപ്പില്‍ നഗ്നചിത്രം അയച്ച സി.പി.എം നേതാവിന് സ്ഥാനം പോയി

കണ്ണൂര്‍ - പാര്‍ട്ടി പ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ സ്വന്തം നഗ്‌നചിത്രം അയച്ച സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ നടപടി. തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനം. പകരം സെക്രട്ടറിയെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്.
സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ.പി. മധുവിന്റെ ഫോണില്‍നിന്നാണ് നാട്ടു ഗ്രാമം മുത്തത്തി എന്ന വാട്‌സ് ആപ് ഗ്രൂപ്പിലേക്ക് നഗ്‌നഫോട്ടോ എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും വര്‍ഗ ബഹുജന സംഘടനാ അംഗങ്ങളും ഉള്‍പ്പെടെയുള്ള ഈ ഗ്രൂപ്പില്‍ സ്ത്രീകളടക്കമുള്ളവരുണ്ട്. ഫോട്ടോ മറ്റാര്‍ക്കോ അയച്ചത് അബദ്ധത്തില്‍ ഈ ഗ്രൂപ്പിലെത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. ഈ വിവരം മനസ്സിലായതോടെ ഫോട്ടോ പിന്‍വലിച്ചു. എന്നാല്‍ ഇതിലും അബദ്ധം പറ്റി. ഡിലീറ്റ് ഫോര്‍ ഓള്‍ എന്നതിനു പകരം ഡിലീറ്റ് ഫോര്‍ മി എന്നാണ് ചെയ്തത്. ഇതോടെ സ്വന്തം ഫോണില്‍നിന്നു മാത്രം ചിത്രം അപ്രത്യക്ഷമായി. ഇതോടെ ഇദ്ദേഹം ഗ്രൂപ്പില്‍നിന്നു പുറത്തു പോവുകയായിരുന്നു.
സംഭവം വിവാദമാവുകയും ദൃശ്യമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വരികയും ചെയ്തു. ചിലര്‍ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് നടപടിയെടുക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായത്.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെടുത്ത ശേഷം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി യോഗം വിളിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഏരിയാ കമ്മിറ്റിക്ക് കീഴിലെ ലോക്കല്‍ കമ്മിറ്റികളിലും വരും ദിവസം റിപ്പോര്‍ട്ട് ചെയ്തു.
ഏരിയാ സെക്രട്ടറിയുടെ പ്രവൃത്തി പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏരിയാ സെക്രട്ടറി സ്ഥാനത്തിന് പുറമെ, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍നിന്നും നീക്കാനാണ് തീരുമാനം. വി.കുഞ്ഞികൃഷ്ണനെയാണ് പുതിയ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

 

Latest News