Sorry, you need to enable JavaScript to visit this website.

എല്ലാ വിജയത്തിന് പിന്നിലും തങ്ങളായിരുന്നു; ശിഹാബ് തങ്ങളെ ഓർത്തെടുത്ത് കെ. മുരളീധരൻ

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരൻ.

തങ്ങൾ നൽകിയ പുത്രവാൽസല്യം...

എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒരു അനുഗ്രഹമായി നിന്ന മഹാനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.

1977ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൻമോഹൻ ബംഗ്ലാവിൽ വെച്ചാണ് ശിഹാബ് തങ്ങളെ ഞാൻ ആദ്യമായി കാണുന്നത്. അച്ഛന്റെ കൂടെ യു.ഡി.എഫ്. നേതാക്കൾ ചർച്ചക്കിരിക്കുമ്പോഴാണ് യുവാവായ തങ്ങൾ വന്നെത്തിയത്. മുസ്‌ലിംലീഗ് അദ്ധ്യക്ഷ പദവിയിൽ തങ്ങൾ നിയമിതനായ തൊട്ടടുത്ത വർഷങ്ങളിലായിരുന്നു ഇത്. തുടർന്ന് മരണം വരെയും ആ ബന്ധം ഒരു സ്‌നേഹസാന്നിദ്ധ്യമായി ഞാനനുഭവിച്ചു.
1989ൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കോഴിക്കോട്ട് മൽസരിക്കുമ്പോഴാണ് ശിഹാബ് തങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്.
എന്റെ രാഷ്ട്രീയ വിജയങ്ങൾക്ക് പിന്നിൽ എക്കാലവും ശിഹാബ് തങ്ങളുണ്ടായിരുന്നു. ഇമ്പിച്ചിബാവക്കെതിരെ കോഴിക്കോട്ട് മൽസരിക്കുമ്പോൾ മുസ്‌ലിംലീഗ് പ്രവർത്തകർ ഊർജ്ജ്വസ്വലരായി രംഗത്തുണ്ടായിരുന്നു. തങ്ങൾ അന്നു നടത്തിയ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിൽ വൻ ഇളക്കമാണുണ്ടാക്കിയത്.
എട്ടോളം പൊതുയോഗങ്ങളിൽ തങ്ങൾ അന്നു സംബന്ധിച്ചിരുന്നു.

1999ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.എം. ഇബ്രാഹിമായിരുന്നു പ്രധാന എതിരാളി. വ്യക്തിഹത്യ നടത്തിയും,, വർഗീയകാർഡിറക്കിയും മറുപക്ഷത്ത് പ്രചരണം മുറുകുമ്പോൾ യു.ഡി.എഫ്. പ്രവർത്തകർ പ്രതിരോധിക്കാൻ പാടുപെടുകയായിരുന്നു. നട്ടെല്ലിന് കലശലായ വേദന കാരണം ശിഹാബ് തങ്ങളോട് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ച ഘട്ടമായിരുന്നു അത്. എന്നാൽ കോഴിക്കോട്ടെ പ്രത്യേക സാഹചര്യങ്ങൾ മനസ്സിലാക്കിയ തങ്ങൾ ഡോക്ടർമാരുടെ നിർദ്ദേശംപോലും വകവെക്കാതെ വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ പര്യടനമാണ് എനിക്ക് ഉജ്ജ്വലമായ വിജയം നേടിത്തന്നത്...
കൊടുവള്ളി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ ശിഹാബ് തങ്ങൾ ചികിൽസാർത്ഥം അമേരിക്കയിലായിരുന്നു. കൊടുവള്ളിയിൽ യു.ഡി.എഫ്. പിന്തുണയോടെ മൽസരിക്കുമ്പോൾ തങ്ങളുടെ അസാന്നിദ്ധ്യം എനിക്ക് പ്രയാസങ്ങളുണ്ടാക്കിയിരുന്നു. ശിഹാബ് തങ്ങൾ പ്രചാരണ രംഗത്തില്ലാത്ത എന്റെ ആദ്യത്തെ മൽസരമായിരുന്നു അത്. ഞാനിപ്പോഴും വിശ്വസിക്കുന്നത് ആ സമയത്ത് തങ്ങൾ പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ്.

ശിഹാബ്തങ്ങളുടെ ആത്മീയ പരിവേഷത്തെ ചൊല്ലി യു.ഡി.എഫിൽ ചില അപശബ്ദങ്ങൾ ഉണ്ടായപ്പോൾ ഞാൻ കെ.പി.സി.സി. പ്രസിഡണ്ടായിരുന്നു.
വളരെ കർശനവും കണിശവുമായ നിലപാട് സ്വീകരിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളോട് ഞാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു.
കോൺഗ്രസ്സിന്റെ ദേശീയ നേതാക്കൾ പലരും കേരളത്തിലെത്തുമ്പോൾ ഘടകകക്ഷി നേതാക്കൾ അവരെ അങ്ങോട്ട് ചെന്ന് കാണാറാണ് പതിവ്.
എന്നാൽ ശിഹാബ് തങ്ങളെ കോൺഗ്രസ് നേതാക്കൾ പാണക്കാട്ടെ വീട്ടിൽ ചെന്നു കാണുന്നത് രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഒരു ആത്മീയ ആചാര്യൻ കൂടി ആയതിനാലാണ്. ഇത് എല്ലാവരും ഓർക്കണമെന്നായിരുന്നു.. മാത്രമല്ല ശിഹാബ് തങ്ങൾ പ്രസിഡണ്ടായതിന്റെ 25ാം വാർഷികാഘോഷത്തിന് പങ്കെടുക്കാൻ വേണ്ടി മാത്രം ശ്രീമതി സോണിയാഗാന്ധി കോഴിക്കോട്ട് വന്നത് കേന്ദ്രനേതൃത്വം ശിഹാബ് തങ്ങളെ എത്രമാത്രം ആദരിച്ചിരുന്നുവെന്ന കാര്യം വ്യക്തമാക്കുന്നു.

1992 ൽ എന്റെ അച്ഛന് കാറപകടത്തിൽ പരിക്കേറ്റ് ചികിൽസക്ക് പോയ ഘട്ടം ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയുടെ സമയമായിരുന്നു.
കോൺഗ്രസ്സിനകത്ത് രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കുകയും ഗ്രൂപ്പ് വടംവലി ശക്തി പ്രാപിക്കുകയും ചെയ്ത ഘട്ടത്തിൽ ഒരു വീട്ടിൽ രണ്ട് അടുക്കളയെന്ന പ്രതീതിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന്റെ ചുമതല കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡൽഹിയിൽ ചർച്ച ചെയ്തു കൊണ്ടിരിക്കെ അന്ന് ഡൽഹിയിലുണ്ടായിരുന്ന തങ്ങളെ ഞങ്ങൾ നേരിട്ട് കണ്ടു. അന്ന് പ്രശ്‌നങ്ങൾ തീർക്കാൻ തങ്ങൾ മുൻകൈ എടുത്തത് ഒരിക്കലും മറക്കാനാവില്ല...
മുസ്‌ലിംലീഗിലേക്ക് അഖിലേന്ത്യാ ലീഗ് തിരിച്ചുവന്ന ശേഷം അങ്ങനെയൊരു പിളർപ്പ് ഉണ്ടായിട്ടേ ഇല്ലെന്ന തരത്തിൽ പ്രവർത്തകരെയും നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോവാൻ കഴിഞ്ഞുവെന്നതാണ് ശിഹാബ് തങ്ങൾ കൈവരിച്ച ഏറ്റവും വലിയ രാഷ്ട്രീയ വിജയം. പിളർപ്പും വിഭാഗീയതയുമുണ്ടായ ഏതൊരു സംഘടനയിലും പിന്നീട് യോജിപ്പുണ്ടായാലും ആ ഭിന്നത മുഴച്ചുനിൽക്കുക സ്വാഭാവികമാണ്.
ഒരു ട്രെയിൻ യാത്രക്കിടയിൽ തങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ മുസ്‌ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിനോട് ഞാൻ ഇക്കാര്യം പറഞ്ഞു. അങ്ങനെ ഒരു കാലമുണ്ടായിരുന്നുവെന്ന് പോലും ഞാനിപ്പോൾ മറന്നു പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരിച്ചുവന്നവർക്ക് ശിഹാബ് തങ്ങൾ അത്രയേറെ പരിഗണനയാണ് നൽകിയിരുന്നത്. അനുകൂലിച്ചവരെയും എതിർത്തവരെയും എക്കാലത്തും ഒരുപോലെ കാണാൻ അദ്ദേഹത്തിന് സാധിച്ചു.

പിന്നീട് നടന്ന വട്ടിയൂർക്കാവ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ അദൃശ്യ സാന്നിധ്യം എനിക്ക് അനുഗ്രഹമായി ഒപ്പമുണ്ടായിരുന്നു.
ആ ആത്മബന്ധം വടകരയിലെ വലിയ വിജയത്തിലും എനിക്ക് സഹായകമായി. രാഷ്ട്രീയത്തിൽ എല്ലാ പ്രതിസന്ധികളിലും തങ്ങളും പാണക്കാട് കൊടപ്പനയ്ക്കൽ തറവാടും തന്ന പിന്തുണയും അനുഗ്രഹവും അവിസ്മരണീയമാണ്. ഇന്ന് ആ മഹാനായ മനുഷ്യന്റെ ഓർമ്മകൾക്ക് 11 വർഷം തികയുകയാണ്.. തങ്ങളുടെ മനസ്സിനകത്ത് എന്നും എനിക്കൊരു ഇടം ഉണ്ടായിരുന്നു. ആ വാത്സല്യം ഒരു പുത്രനോടെന്ന പോലെ എനിക്ക് ലഭിച്ചിരുന്നു. ആ വലിയ മനുഷ്യന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു...

 

Latest News