Sorry, you need to enable JavaScript to visit this website.

മിന്നും പൊന്ന്; കോവിഡ് കാലത്ത് പവന്  40,000 കടന്ന് സ്വര്‍ണ വില, ഗ്രാമിന് 5000 രൂപ

കൊച്ചി-കോവിഡ് കാലത്ത് സ്വര്‍ണ വില കൂടുന്നത് ശരവേഗത്തില്‍ . തുടര്‍ച്ചയായുള്ള വര്‍ധനവില്‍ സ്വര്‍ണ വില 40000 രൂപയിലെത്തി. ഗ്രാമിന് വില 5000 രൂപയുമായാണ് ഉയര്‍ന്നിരിക്കുന്നത്. വെള്ളിയാഴ്ച പവന് 280 ഉയര്‍ന്നാണ് 40000ല്‍ എത്തിയത്. തുടര്‍ച്ചയായി ഇത് ഒമ്പതാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്.വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയിരുന്നു. അതിന് പിന്നാലെ വെള്ളിയാഴ്ചയും വര്‍ധിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വിലയക്കും സ്ഥിരതയാര്‍ജിച്ചിട്ടുണ്ട്. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതാണ് വിലയെ സ്വാധീനിച്ചത്.
ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വര്‍ധനവുണ്ടായി. കിലോഗ്രാമിന്  865 രൂപ വര്‍ധിച്ച് 63,355 രൂപയായി. ഈവര്‍ഷം ജനുവരി മുതല്‍ ജൂലൈ 30 വരെയായി പവന് വര്‍ധിച്ചത് 10,720 രൂപയാണ്. ഗ്രാമിന് 3,920 രൂപയും. കഴിഞ്ഞ 25 ദിവസത്തിനിടെ മാത്രം പവന് 3,920 രൂപ കൂടി. ഗ്രാമിന് 490 രൂപയും.
അതേസമയം, സ്വര്‍ണവിലയുടെ റെക്കാഡ് മുന്നേറ്റം വില്‍പ്പനയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. 572 ടണ്‍ ആഭരണങ്ങളാണ് ഈവര്‍ഷം ജനുവരി-ജൂണ്‍ കാലഘട്ടത്തില്‍ വിറ്റഴിഞ്ഞത്. മൊത്തം സ്വര്‍ണ ഡിമാന്‍ഡ് ഇക്കാലയളവില്‍ ആറു ശതമാനം താഴ്ന്ന് 2,076 ടണ്ണിലെത്തിയെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

Latest News