കൊച്ചി- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പറ്റി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണം ഒരു സഖാവിന് എത്രമാത്രം താഴെ പോകാമെന്നതിന്റെ ഉദാഹരണമാണെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. ചെന്നിത്തലയുടെ അച്ഛൻ ആർ.എസ്.എസ് അനുഭാവിയാണെന്ന് ഇന്ന് രാവിലെ കോടിയേരി ബാലകൃഷ്ണൻ ഫെയ്‌സ്ബുക്കിൽ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സതീശൻ നൽകിയത്. തരംതാണ രാഷ്ട്രീയമാണ് കോടിയേരി നടത്തുന്നതെന്നും സതീശൻ പറഞ്ഞു.
സ്വർണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് എത്തി നിൽക്കുകയും ചെയ്യുന്ന ഏടാകൂടത്തിൽ നിന്ന് എങ്ങിനെയെങ്കിലും ചർച്ച മാറ്റിക്കൊണ്ടുപോകാനുള്ള വ്യഥാശ്രമമാണ് കോടിയേരിനടത്തുന്നത്. കോൺഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിൻതള്ളി കേരളത്തിൽ മുഖ്യപ്രതിപക്ഷമാകാൻ ശ്രമിക്കുന്ന ബിജെപി ക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനമാണിത്. ലാവ്‌ലിൻ കേസിലും സ്വർണക്കള്ളക്കടത്തു കേസിലും സംഘപരിവാറിന്റെയും അവരുടെ സർക്കാരിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തുനിൽക്കുന്നതിന്റെ ക്ഷീണം മറയ്ക്കാനുള്ള ശ്രമം കൂടിയാണ് കോടിയേരി നടത്തുന്നത്. സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ സെക്രട്ടറിയാണ് കോടിയേരി. എല്ലാ സെക്രട്ടറിമാരും ഇടത് സർക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോൾ കോടിയേരിക്ക് പിണറായിയുടെ മുന്നിൽ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നിൽക്കേണ്ടി വന്നു. ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കുകയാണ്. പാലത്തായി പീഢനക്കേസുണ്ടാക്കിയ പൊല്ലാപ്പിൽ നിന്നും ഊരേണ്ട ഗതികേടും കോടിയേരിക്കുണ്ട്. സംഘപരിവാറിനെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്‌കൂളിലെ സർട്ടിഫിക്കറ്റ് വേണ്ടെന്നും സതീശൻ പറഞ്ഞു.