കാസര്‍കോട്- തെളിവെടുപ്പിനായെത്തിച്ചപ്പോള്‍ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിക്കായി ഒരാഴ്ചയായി തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. കസബ കടപ്പുറത്ത് ഇന്നലെയും കോസ്റ്റല്‍ പോലീസ്, ഫിഷറീസ്, മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം തെരച്ചില്‍ നടത്തി. രണ്ട് ദിവസത്തിനകം ഹെലികോപ്റ്ററിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് പന്ത്രണ്ടുകാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതി കുട്‌ലു സ്വദേശി മഹേഷാണ് കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. കൂട്ടുകാരും പോലീസും നോക്കി നില്‍ക്കെയാണ് പോലീസുകാരുടെ അടുത്ത് നിന്നും കുതറിയോടി മഹേഷ് കൈവിലങ്ങോട് കൂടി കടലില്‍ ചാടിയത്. പുലിമൂട്ടില്‍ ഒളിപ്പിച്ച ഫോണ്‍ കണ്ടെടുക്കുന്നതിനായാണ് പ്രതിയെ കടപ്പുറത്തേക്ക് കൊണ്ടുവന്നത്. യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായി സ്‌കൂബ സംഘത്തിലെ മുങ്ങല്‍ വിദഗ്ധരടക്കം ദിവസങ്ങളോളം കടലില്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. നേവി ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തെരച്ചില്‍ തുടരുമെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു.