മലപ്പുറം- മലപ്പുറം അങ്ങാടിപ്പുറത്ത് സ്ത്രീയുടെ മാല കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും യുവാവും പിടിയില്‍. ബൈക്കിലെത്തിയാണ് ഇവര്‍ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗും പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയുമാണ് പിടിയിലായത്. കഴിഞ്ഞ 23 ന് വൈകിട്ടായിരുന്നു സംഭവം. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡില്‍ വച്ച് അങ്ങാടിപ്പുറം സ്വദേശിയായ സ്ത്രീയുടെ മാല ബൈക്കില്‍ വന്ന രണ്ടുപേര്‍ പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്നാലെ ബൈക്ക് വേഗത്തില്‍ ഓടിച്ചുപോയി. പരാതിക്കാരിയില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലും ടൗണിലും പരിസരങ്ങളിലുമുള്ള സിസിഡിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തിലുമാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.ശ്രീരാഗിനെ ചോദ്യം ചെയ്തതില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും അതിന്റെ പേരില്‍ വീടുവിട്ട് ഇറങ്ങേണ്ടിവന്നതായും കണ്ടെത്തി. പെണ്‍കുട്ടിയുമായി ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനുമായി പണമുണ്ടാക്കാനാണ് സ്വര്‍ണമാല കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ശ്രീരാഗ് സമ്മതിച്ചു. ആലോചനയിലും മാല പൊട്ടിച്ചതിലും പെണ്‍കുട്ടിക്ക് ശ്രീരാഗിനൊപ്പം പങ്കുണ്ട്. ശ്രീരാഗ് നേരത്തെയും മാല കവര്‍ന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.