കുടുംബത്തിലെ മൂന്നുപേര്‍ക്ക് വിഷബാധയേറ്റതില്‍ ദുരൂഹത, രാസവസ്തു കണ്ടെടുത്തു

കാളികാവ്-ചോക്കാട് മമ്പാട്ടുമൂല വെണ്ണീറാംപൊയിലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കു വിഷബാധയേറ്റ സംഭവത്തില്‍ മലപ്പുറം ഫോറന്‍സിക്് വിഭാഗം പരിശോധന നടത്തി. ഫ്യുറടാന്‍ പോലുള്ള വിഷാംശമെന്ന് കരുതുന്ന വസ്തു വീട്ടില്‍ നിന്നു കണ്ടെത്തി. രാവിലെ കുടിച്ച ചായയില്‍ നിന്നാണ് ഇവര്‍ക്കു മൂന്നു പേര്‍ക്കും കഴിഞ്ഞദിവസം വിഷബാധയേറ്റത്.

ഫോറന്‍സിക് വിഭാഗം സയിന്റിഫിക് ഓഫീസര്‍ ഡോ. ത്വയ്യിബയുടെ നേതൃത്വത്തിലാണ് സംഭവം നടന്ന വീട്ടില്‍
പരിശോധന നടത്തിയത്. വെണ്ണീറാംപൊയിലിലെ പട്ടത്ത് മണി (60), മകളുടെ മക്കളായ രാഹുല്‍ (18), ശ്രീരാഗ് (16) എന്നിവര്‍ക്ക് ബുധനാഴ്ച രാവിലെ കഴിച്ച ഭക്ഷണത്തിലൂടെയാണ് വിഷബാധയേറ്റത്. മൂവരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ഉടന്‍ ചികിത്സ നല്‍കിയതിനാല്‍ സുഖം പ്രാപിച്ചു ഇവരെ  ഡിസ്ചാര്‍ജ് ചെയ്തു.

വിഷബാധയേറ്റതില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ കാളികാവ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മണിയുടെ മകളും രാഹുലിന്റെയും ശ്രീരാഗിന്റെയും അമ്മയുമായ രമണി സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ കാളികാവ് പോലീസും ഫോറന്‍സിക് വിഭാഗവും നടത്തിയ പരിശോധനയില്‍ ഫ്യൂറഡാന്‍ പോലുള്ള വിഷ വസ്തു കണ്ടെടുത്തു. വീട്ടിനുള്ളിലെ അലമാരയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. ബുധനാഴ്ച രാവിലെ ഇവര്‍ കഴിച്ച ഭക്ഷണങ്ങളുടെ സാമ്പിളും സംഘം ശേഖരിച്ചിട്ടുണ്ട്.  
അയല്‍വീട്ടുകാരാണ് സംഭവമറിഞ്ഞ് ഇവരെ ആശുപത്രിയിലേക്കു എത്തിക്കുന്നതിനായി രമണിയെ വിളിച്ചു വരുത്തിയത്.

എന്തു വിഷമാണ് ഭക്ഷണത്തില്‍ കലര്‍ന്നതെന്നും വിഷം ചേര്‍ത്തതാണോ എന്നെല്ലാം പരിശോധനക്കും ചോദ്യം ചെയ്യലിനും ശേഷമേ അറിയാനാകൂവെന്നു  പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട്  പറഞ്ഞു. എസ്.ഐ എന്‍.  അജിത്കുമാര്‍, വിരലടയാള വിദഗ്ധന്‍ സതീഷ്, ഫോറന്‍സിക് വിഭാഗം പോലീസ് ഓഫീസര്‍മാരായ അനൂപ്, ഷൈജു, ഫോട്ടോഗ്രാഫര്‍ വി.എസ് അനൂപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Latest News