പാലക്കാട് - റോഹിംഗ്യൻ അഭയാർഥികൾക്ക് രാജ്യത്ത് അഭയം നൽകാൻ സാധ്യമല്ലെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതിയിലുള്ള കേസിൽ കേന്ദ്ര സർക്കാർ ഉചിതമായ തീരുമാനം അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായതുകൊണ്ടാണ് ഇത്തരം തീരുമാനമെന്നും പാലക്കാട്ട് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അഭയാർഥികൾക്ക് മാനുഷിക പരിഗണ നൽകുമ്പോൾ രാജ്യത്തെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയല്ലെന്ന് ഉറപ്പ് വരുത്തേതുണ്ട്. ശ്രീലങ്കയിൽ നിന്നും ചക്മയിൽ നിന്നും അഭയാർത്ഥികളെ സ്വീകരിച്ചത് പോലെ റോഹിംഗ്യൻ വിഷയത്തിൽ സ്വീകരിക്കാൻ സാധ്യമല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വ്യക്തമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിൽ കേന്ദ്ര സർക്കാരിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തിൽ മാത്രമല്ല, ലിബിയയിലും അഫ്ഗാനിലും ഇത്തരം വിഷയത്തിലുള്ള നിലപാടാണ് ഇക്കാര്യത്തിലും സ്വീകരിച്ചതെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന് ഇത്തരം വിഷയത്തിൽ സൽപേര് ലഭിക്കേണ്ടതില്ല. വിദേശ നയത്തിൽ കേന്ദ്ര സർക്കാറിന് തുറന്ന സമീപനമാണുള്ളത്. ഇതിൽ ചെറുരാജ്യങ്ങളും വലിയ രാജ്യങ്ങളും വിവേചനമില്ല. സൗദി അറേബ്യ, ഫലസ്തീൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളോടുള്ള സമീപനത്തിലും മാറ്റമില്ല -അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നേട്ടത്തിനായി സൈന്യത്തെ വിന്യസിക്കുക ലക്ഷ്യമല്ലെന്നും തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്ന എല്ലാ രാജ്യങ്ങളുമായും ഇന്ത്യ സഹകരിക്കുമെന്നും വി.കെ. സിംഗ് അഭിപ്രായപ്പെട്ടു.