തിരുവനന്തപുരം-വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം കേരള പോലീസില്‍ നിന്ന് സിബിഐ ഏറ്റെടുത്തു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡിസംബറില്‍ ശുപാര്‍ശ ചെയ്തിരുന്നു.
ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംഗ്ഷനു സമീപം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.
മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനുമാണ് മരിച്ചത്.
അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് െ്രെകംബ്രാഞ്ച് ഈ കണ്ടെത്തലിലെത്തിയത്.