അബഹ- ഉത്തരാഫ്രിക്കയുടെ അങ്ങേയറ്റത്തു കിടക്കുന്ന മൊറോക്കൊയിൽനിന്ന് മൂന്നു വർഷത്തിലേറെ കാലം നീണ്ട യാത്രയിലൂടെ സൈക്കിളിൽ സൗദി അറേബ്യയിലെത്തുകയും മക്കയും മദീനയും സന്ദർശിക്കുകയും ചെയ്‌തെങ്കിലും ഇത്തവണ ഹജ് നിർവഹിക്കാൻ കഴിയാത്ത സങ്കടത്തിലാണ് മൊറോക്കൊൻ യുവാവ് യാസീൻ. ഈ വർഷം ഹജ് കർമം നിർവഹിക്കാൻ കഴിയാത്തതിനാൽ അടുത്ത കൊല്ലം തീർഥാടന കർമം പൂർത്തിയാക്കി സ്വദേശത്തേക്ക് മടങ്ങാനാണ് യുവാവിന്റെ പദ്ധതി. അടുത്ത കൊല്ലത്തെ ഹജ് വരെയുള്ള കാലം സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ സൈക്കിളിൽ സഞ്ചരിച്ച് സന്ദർശിച്ചും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ താമസിച്ചും ചെലവഴിക്കാനാണ് യാസീൻ ആഗ്രഹിക്കുന്നത്. സൗദി സന്ദർശനം തുടരുന്ന യാസീൻ അസീർ പ്രവിശ്യയിൽ പെട്ട അബഹയിലാണ് ഇപ്പോഴുള്ളത്. അബഹയുടെ പ്രാന്തപ്രദേശത്ത് വിജനമായ സ്ഥലത്ത് സ്ഥാപിച്ച താൽക്കാലിക തമ്പിലാണ് യാസീൻ കഴിയുന്നത്.
2017 ജനുവരി 22 ന് ആണ് താൻ മൊറോക്കൊയിലെ വീട്ടിൽ നിന്ന് പുണ്യഭൂമി ലക്ഷ്യമാക്കി സൈക്കിൾ യാത്ര ആരംഭിച്ചതെന്ന് യാസീൻ പറയുന്നു. പുണ്യഭൂമിയിലേക്കുള്ള മാർഗമധ്യേ സാധ്യമായത്ര ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ പദ്ധതിയിടുകയായിരുന്നു. തീർഥാടന വഴിയിൽ 26 ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു. ഏഴു മാസം മുമ്പാണ് സൗദിയിൽ പ്രവേശിച്ചത്. മക്കയിലെത്തി ഉംറ കർമം നിർവഹിക്കുകയും മക്കയിൽ നിന്ന് മദീനയിലേക്കുള്ള ദൂരം പ്രവാചകൻ മുഹമ്മദ് നബി (സ) പാലായനം ചെയ്ത വഴിയിലൂടെ കൊൽനടയായി താണ്ടി മദീന സിയാറത്ത് പൂർത്തിയാക്കുകയും ചെയ്തു.
ഹജ് കർമത്തിനു വേണ്ടി മക്കയിലേക്കു തന്നെ മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ മദീനയിലെത്തിയപ്പോഴേക്കും കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ടു. ഇതോടെ ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് യാസീൻ പറയുന്നു.
പ്രമുഖ സൗദി മാധ്യമപ്രവർത്തകൻ അബ്ദുറഹ്മാൻ അൽമുതൈരി യാസീനുമായുള്ള വീഡിയോ അഭിമുഖം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. യാസീന്റെ കഥ കേട്ടറിഞ്ഞ് ഏറെ ദൂരെയുള്ള അൽഖസീമിൽ നിന്ന് അബഹയിലെത്തിയാണ് അബ്ദുറഹ്മാൻ അൽമുതൈരി യുവാവിനെ കണ്ടത്.
അടുത്ത വർഷത്തെ ഹജ് വരെ സൗദിയിൽ താമസിക്കുന്നതിന് അബ്ദുറഹ്മാൻ അൽമുതൈരിയുടെ സുഹൃത്തുക്കളിൽ ഒരാൾ യുവാവിന് എല്ലാവിധ സൗകര്യങ്ങളും തികഞ്ഞ പുതിയ കാരവൻ സമ്മാനിച്ചു.
യാസീന്റെയും മാതാപിതാക്കളുടെയും ഹജിനുള്ള ചെലവ് വഹിക്കുമെന്ന് മറ്റേതാനും കൂട്ടുകാരും പ്രഖ്യാപിച്ചു. മൊറോക്കൊയിലുള്ള മാതാവിനെ ഫോണിൽ ബന്ധപ്പെട്ട് ഹജ് ചെലവുകൾ വഹിക്കുമെന്ന സൗദി പൗരന്മാരുടെ വാഗ്ദാനം അപ്പോൾ തന്നെ യാസീൻ അറിയിച്ചു. സൗദി പൗരന്മാരുടെ ഉദാരതയിലും സമ്മാനിച്ച ഉപഹാരങ്ങളിലും യാസീനും മാതാവും അത്യാഹ്ലാദം പ്രകടിപ്പിച്ചു.
ഇത്തവണത്തെ ഹജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആർക്കും തന്നെ സൗദി അറേബ്യ അനുമതി നൽകിയിട്ടില്ല. സൗദിയിൽ കഴിയുന്ന വിദേശികളിൽ നിന്ന് ആരോഗ്യ വ്യവസ്ഥകൾ പൂർണമായവരിൽനിന്ന് മനുഷ്യ ഇടപെടലുകളില്ലാതെ തെരഞ്ഞെടുത്തവർക്കു മാത്രമാണ് ഹജ് അനുമതി നൽകിയത്. സൗദിയിൽ വിദേശ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾക്കു പോലും ഹജ് അനുമതി നൽകിയിട്ടില്ല. ഹജ് വ്യവസ്ഥകളിൽ ഒരാൾക്കും പ്രത്യേക ഇളവ് നൽകില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതാണ് ഹജ് കർമം നിർവഹിക്കുന്നതിൽ നിന്ന് യാസീനും തടസ്സമായത്.