റിയാദ് - ഈ വർഷം ആദ്യ പകുതിയിൽ പൊതുവരുമാനം 36 ശതമാനം തോതിൽ കുറഞ്ഞതായി ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ പ്രതിസന്ധിയും എണ്ണ വിലയിടിച്ചിലുമാണ് പൊതുവരുമാനത്തെ ബാധിച്ചത്. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ പൊതുവരുമാനം 326.01 ബില്യൺ റിയാലും ചെലവ് 469.36 ബില്യൺ റിയാലും കമ്മി 143.34 ബില്യൺ റിയാലുമാണ്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ പൊതുവരുമാനം 506.11 ബില്യൺ റിയാലും ചെലവ് 511.79 ബില്യൺ റിയാലുമായിരുന്നു. കഴിഞ്ഞ വർഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ പൊതുധന വിനിയോഗം എട്ടു ശതമാനം തോതിൽ സൗദി അറേബ്യ കുറച്ചു. ഈ വർഷം ആദ്യ പകുതിയിൽ പൊതുധന വിനിയോഗത്തിൽ 42.4 ബില്യൺ റിയാലിന്റെ കുറവാണ് വരുത്തിയത്. കൊറോണ വ്യാപനംമൂലം പൊതുവരുമാനം 36 ശതമാനം തോതിൽ കുറഞ്ഞിട്ടും പൊതുധന വിനിയോഗത്തിൽ എട്ടു ശമതമാനത്തിന്റെ കുറവ് മാത്രമാണ് സർക്കാർ വരുത്തിയത്. രാജ്യത്ത് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താനുള്ള സർക്കാർ താൽപര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ഈ വർഷത്തെ ബജറ്റിൽ പൊതുചെലവുകൾക്ക് വകയിരുത്തിയത് 1,020 ബില്യൺ റിയാലാണ്. ഇതിന്റെ 46 ശതമാനമാണ് ആദ്യ പകുതിയിലെ പൊതുധന വിനിയോഗം. കൊറോണ പ്രത്യാഘാതങ്ങളുടെയും എണ്ണ വിലയിടിച്ചിലിന്റെയും ഫലമായി ഈ വർഷം പൊതുധന വിനിയോഗം അഞ്ചു ശതമാനത്തോളം കുറക്കാൻ സർക്കാർ തീരുമാനിച്ചതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ നേരത്തെ അറിയിച്ചിരുന്നു. പൊതുധന വിനിയോഗത്തിൽ 50 ബില്യൺ റിയാലിന്റെ കുറവ് വരുത്താനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. 1,020 ബില്യൺ റിയാൽ ചെലവും 833 ബില്യൺ റിയാൽ വരവും 187 ബില്യൺ റിയാൽ കമ്മിയും കണക്കാക്കുന്ന ബജറ്റാണ് സൗദി അറേബ്യ ഈ വർഷത്തേക്ക് അംഗീകരിച്ചത്.
രണ്ടാം പാദത്തിൽ വരുമാനം 133.94 ബില്യൺ റിയാലും ചെലവ് 243.18 ബില്യൺ റിയാലും കമ്മി 109.24 ബില്യൺ റിയാലുമാണ്. ആദ്യ പാദത്തിൽ വരവ് 192.07 ബില്യൺ റിയാലും ചെലവ് 226.18 ബില്യൺ റിയാലും കമ്മി 34.1 ബില്യൺ റിയാലുമാണ്. രണ്ടാം പാദത്തിൽ എണ്ണ കയറ്റുമതി വരുമാനം 45 ശതമാനം തോതിലും ആകെ വരുമാനം 49 ശതമാനം തോതിലും കുറഞ്ഞു. രണ്ടാം പാദത്തിൽ പൊതുധന വിനിയോഗം 17 ശതമാനം തോതിൽ കുറഞ്ഞു.
ആദ്യ പകുതിയിൽ പെട്രോളിതര വരുമാനം 37 ശതമാനം തോതിൽ കുറഞ്ഞ് 101.53 ബില്യൺ റിയാലിലെത്തി. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ പെട്രോളിതര വരുമാനം 162.11 ബില്യൺ റിയാലായിരുന്നു. പെട്രോളിതര വരുമാനത്തിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത് രണ്ടാം പാദത്തിലാണ്. രണ്ടാം പാദത്തിൽ പെട്രോളിതര വരുമാനം 38.23 ബില്യൺ റിയാൽ മാത്രമായിരുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 85.8 ബില്യൺ റിയാലായിരുന്നു. രണ്ടാം പാദത്തിൽ പെട്രോളിതര വരുമാനത്തിൽ 55 ശതമാനം കുറവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പാദത്തിൽ പെട്രോളിതര വരുമാനം 63.3 ബില്യൺ റിയാലായിരുന്നു.
ആദ്യ പകുതിയിൽ ചരക്ക്, സേവന നികുതി വരുമാനം 47 ശതമാനം തോതിൽ കുറഞ്ഞ് 41.16 ബില്യൺ റിയാലിലെത്തി. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ ഇത് 77.63 ബില്യൺ റിയാലായിരുന്നു. ആദായ നികുതി 42 ശതമാനം തോതിൽ കുറഞ്ഞ് 5.2 ബില്യൺ റിയാലായി. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ വരുമാന നികുതിയായി പൊതുഖജനാവിൽ എത്തിയത് 9.1 ബില്യൺ റിയാലായിരുന്നു. സക്കാത്ത് വരുമാനം 75 ശതമാനം തോതിൽ കുറഞ്ഞു. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ സക്കാത്ത് ഇനത്തിൽ 5.42 ബില്യൺ റിയാലിന്റെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് 21.75 ബില്യൺ റിയാലായിരുന്നു. രണ്ടാം പാദത്തിൽ എണ്ണ വരുമാനം 95.718 ബില്യൺ റിയാലായി കുറഞ്ഞു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ എണ്ണ വരുമാനം 174.91 ബില്യൺ റിയാലായിരുന്നെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.