കൊച്ചി- കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയും അധ്യാപകനുമായ ബി.ജെ.പി നേതാവ് പത്മരാജന്റ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രതിക്ക് ഹൈക്കോടതി നോട്ടീസയച്ചു. പത്മരാജന് ജാമ്യം അനുവദിച്ച പോക്‌സോ കോടതി വിധിക്കെതിരെ ഇരയുടെ മാതാവ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പത്മരാജന് അന്വേഷണ ഉദ്യോഗസ്ഥൻ വഴി നോട്ടീസ് നൽകാനാണ് ഉത്തരവ്. ഇത് വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.ഹർജി ഓഗസ്റ്റ് ആറാം തീയതി വീണ്ടും പരിഗണിക്കും.
പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇരയുടെ മാതാവ് കോടതിയെ സമീപിച്ചത്. ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കൽ പരിശോധനാ റിപ്പോർട്ടും ഉണ്ടായിട്ടും പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയതെന്ന് ഹർജിയിൽ ബോധിപ്പിച്ചു. പോക്‌സോ ഒഴിവാക്കി കൊടുത്ത കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്‌സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണമാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.