കൊച്ചി- പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഉടന്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ഭാഗം പരിഗണിക്കാതെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് മാതാവ് ഹരജി നല്‍കിയത്.
രാഷ്ട്രീയ സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നും ജാമ്യം റദ്ദാക്കി വിചാരണ തുടങ്ങണമെന്നും ഹരജി ആവശ്യപ്പെട്ടു. പാലത്തായി കേസിലെ തുടരാന്വേഷണത്തിന് രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചുമതലപ്പെടുത്തിയിരുന്നു. കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജനെതിരെ പോക്‌സോ ചുമത്താതെ ഭാഗിക കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് നല്‍കിയിരുന്നത്.