തിരുവനന്തപുരം- സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകള്‍ ഇന്ന് വൈകിട്ട് അഞ്ചുമുതല്‍ ഓണ്‍ലൈനായി നല്‍കാം. സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അപേക്ഷയോടൊപ്പം ഇപ്പോള്‍ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. അടുത്ത മാസം 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 3,61,746 സീറ്റുകളാണ് നിലവിലുള്ളത്. 4.17 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്.
ട്രയല്‍ അലോട്ട്‌മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് 24നും നടക്കും. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കുമായി ഒറ്റ അപേക്ഷ മതി. ഒരാള്‍ക്ക് ഒന്നിലേറെ ജില്ലകളില്‍ അപേക്ഷിക്കാന്‍ തടസമില്ല. വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളും ഇന്ന് മുതല്‍ നല്‍കാം.
സംസ്ഥാനത്തെ ആകെയുള്ള 3,61,746 പ്ലസ് വണ്‍ സീറ്റുകളില്‍ 1,41,050 സീറ്റുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണുള്ളത്. 1,65,100 സീറ്റ് എയ്ഡഡ് സ്‌കൂളുകളിലുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലുള്ളത് 55,596 സീറ്റുകളാണ്. സര്‍ക്കാര്‍ നേരട്ട് നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ സീറ്റും എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ട സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളുമാണ്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുള്ള ബാച്ചുകളില്‍ 20 ശതാമാനം വരെ ആനുപാതിക സീറ്റ് വര്‍ധന അനുവദിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് അലോട്ട്‌മെന്റ് ഘട്ടത്തില്‍ മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളില്‍ എസ്.എസ്.എല്‍.സി ജയിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ എസ്.എസ്.എല്‍.സി വിജയിച്ചവരുടെ എണ്ണം പ്ലസ് വണ്‍ സീറ്റുകളെക്കാള്‍ കൂടുതലാണ്.