ജിദ്ദ- ഈ വർഷത്തെ പരിശുദ്ധ ഹജ് കർമങ്ങൾക്ക് ഇന്ന് സമാരംഭം കുറിക്കും. കോവിഡ്19 മഹാമാരിയെ തുടർന്ന് ഹജ് നിർവഹിക്കാൻ കഴിയാതെ പോയ ലക്ഷക്കണക്കിന് പേരുടെ ആഗ്രഹ സഫലീകരണ പ്രാതിനിധ്യം ഏറ്റെടുത്തുകൊണ്ട് പരിമിതമായ ഹാജിമാരാണ് ഹജ് കർമത്തിൽ പങ്കെടുക്കുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട തീർഥാടകർ സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും ആരോഗ്യ പരിശോധനകൾക്കും ശേഷം പ്രാർഥനാ നിരതമായ മനസ്സുമായി ഇന്ന് മിനായെ ലക്ഷ്യമാക്കി നീങ്ങും.
മിനായിലെ രാപ്പാർപ്പോടു കൂടിയാണ് അഞ്ചു ദിവസത്തെ ഹജ് കർമങ്ങൾ ആരംഭിക്കുന്നത്. നാളെയാണ് അറഫാ ദിനം. ഹജിന്റെ ഏറ്റവും സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. ഇതുവരെ ഹജ് നിർവഹിച്ചിട്ടില്ലാത്ത സൗദിക്കകത്തുനിന്നുള്ളവരെയാണ് ഇത്തവണ ഹജിനായി തെരഞ്ഞെടുത്തത്. ഇതിൽ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. വിദേശികൾ വഴി 160 രാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഹജ് മന്ത്രാലയവും മറ്റു ബന്ധപ്പെട്ട അധികൃതരും ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് 150 ഓളം തീർഥാടകരാണ് ഹജിൽ പങ്കെടുക്കുന്നതെന്നാണറിവ്.
മിനായിലേക്കുള്ള യാത്രക്കു മുന്നോടിയായി മക്കയിലുള്ള ഹാജിമാർ ഹജിന്റെ വസ്ത്രമായ ഇഹ്റാമിൽ പ്രവേശിക്കുന്നതിനായി ഖർനുൽ മനാസിൽ നിന്ന് മീഖാത്തിലേക്കു പോകും. എല്ലാ ഹാജിമാരും ഒരേ മീഖാത്തിൽനിന്ന് ഇഹ്‌റാമിൽ പ്രവേശിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. മീഖാത്തിലേക്കു പോകുന്നതിനും ഹജ് കർമങ്ങൾ നടക്കുന്ന പുണ്യ സ്ഥലങ്ങളിലേക്കു പോകുന്നതിനും ഹാജിമാർക്ക് പ്രത്യേകം ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത എണ്ണം ഹാജിമാർക്ക് ഹജ് കഴിയുന്നതു വരെ ഒരേ ബസും ഒരേ സീറ്റുമായിരിക്കും. 20 അംഗ സംഘങ്ങളായായിരിക്കും ഹാജിമാർ മിനായിലേക്കും മറ്റു പുണ്യ സ്ഥലങ്ങളിലേക്കും നീങ്ങുക. ഓരോ സംഘത്തിനും നേതൃത്വവും ആരോഗ്യ വിദഗ്ധരുടെ സേവനവും ഉണ്ടാകും.
മിനായിൽ ഇത്തവണ ടെന്റുകളിലായിരിക്കില്ല ഹാജിമാരുടെ താമസം. പകരം മിനായിലെ അബ്‌റാജ് മിനാ കെട്ടിടത്തിലാണ് ഹാജിമാർ താമസിക്കുക. ഇന്നു രാത്രി മിനായിൽ കഴിയുന്ന ഹാജിമാർ നാളെ പ്രഭാത നമസ്‌കാര ശേഷം അറഫയിലേക്കു പോകും. അറഫാ സംഗമം കഴിഞ്ഞ് സൂര്യാസ്തമയ ശേഷം അവിടെനിന്നു മടങ്ങുന്ന ഹാജിമാർ മുസ്ദലിഫയിൽ തങ്ങി ബലിപെരുന്നാൾ ദിവസമായ വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തി കല്ലേറ് കർമം നിർവഹിക്കും. ആദ്യദിനം ഒരു ജംറയിലാണ് കല്ലേറ് നടത്തുക. തുടർന്ന് മക്കയിലെത്തി ത്വവാഫും സഇയും നിർവഹിച്ച് തിരിച്ച് മിനായിലെത്തി രണ്ടു ദിനം കൂടി മിനായിൽ തങ്ങി മൂന്നു ജംറകളിലും കല്ലേറ് നിർവഹിക്കും. ഇതിനിടെ ബലികർമവും മുടിമുറിക്കലും നടത്തും.
മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ ഒമ്പത് മീറ്റർ അകലം പാലിച്ചായിരിക്കും ഹാജിമാർ കഴിയുക. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഹാജിമാർക്ക് പ്രത്യേകം തയാറാക്കിയ ബാഗുകൾ നേരത്തേ തന്നെ വിതരണം ചെയ്തിട്ടുണ്ട്. സ്‌റ്റെറിലൈസർ, മാസ്‌കുകൾ, നമസ്‌കാര വിരി, ആവശ്യമായ രോഗപ്രതിരോധ വസ്തുക്കൾ, ജംറകളിലെറിയുന്നതിനുള്ള അണുമുക്തമാക്കിയ കല്ലുകളുടെ പാക്കറ്റുകൾ എന്നിവ അടങ്ങിയതാണ് ബാഗുകൾ. സംസം വെള്ളം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലും ഭക്ഷണം പാക്കറ്റുകളിലുമായിരിക്കും വിതരണം ചെയ്യുക.
അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഹാജിമാർക്കായി ഒരുക്കിയിട്ടുള്ളതെന്ന് പബ്ലിക് സുരക്ഷാ ഡയറക്ടറും ഹജ് സുരക്ഷാ മേധാവിയുമായ ജനറൽ ഖാലിദ് അൽ ഹർബി അറിയിച്ചു.