ജിദ്ദ- ഏകദേശം നാല് ദശകങ്ങളിലെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ചെമ്മാട് തിരൂരങ്ങാടി അബ്ദുൽ ജബ്ബാർ വലിയാട്ട് നാട്ടിലേക്ക്. മഹാനഗരത്തിൽ വിപുലമായ സൗഹൃദ വലയത്തിനുമടയാണ് ജബ്ബാർ. ഫൈസലിയ കെ.എം.സി.സി കമ്മിറ്റിയുടെ ഉപദേശക സമിതി അംഗം, ബേപ്പൂർ ജിദ്ദ അസോസിയേഷൻ പ്രസിഡന്റ്, ബേപ്പൂർ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ്, സോക്കർ ഫ്രീക്‌സ് ഫുട്‌ബോൾ അക്കാദമിയുടെ സെക്രട്ടറി, ജിദ്ദ ഫണ്ട് കൂട്ടായ്മ സെക്രട്ടറി, ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ എക്‌സിക്യൂട്ടീവ് മെമ്പർ കം പ്രസ് & പബ്ലിക്കേഷൻ കൺവീനർ എന്നീ വിവിധ സ്ഥാനങ്ങൾ വഹിച്ചു വരുന്നു. 37 വർഷത്തിൽ കൂടുതൽ പുണ്യഭൂമിയിൽ കഴിഞ്ഞ ശേഷമാണ് ജബ്ബാർ നാടണയുന്നത്.
യാമ്പുവിലെ സൗദി പാർസൺ കമ്പനിയുടെ ടൈപ്പിസ്റ്റ് കം ക്ലാർക്ക് വിസയിൽ എത്തി ജിദ്ദയിലും റിയാദിലുമായി പ്രവാസ ജീവിതത്തിന് പുതിയ അർഥങ്ങൾ തേടുകയായിരുന്നു ജബ്ബാർ. ഏത് പ്രതിസന്ധി ഘട്ടത്തെയും പുഞ്ചിരിയോടെ സമീപിക്കുന്ന ജബ്ബാറിന് പുതിയ സൗഹൃദങ്ങളെന്നതാണ് ഹോബി.
ഇംഗ്ലീഷ് ടൈപ് റൈറ്റിങ് പാസായ സർട്ടിഫിക്കറ്റും കൂടാതെ കോഴിക്കോട് സി.ടി.സിയിൽ നിന്ന് ഓട്ടോമൊബൈൽ കോഴ്‌സ് സർട്ടിഫിക്കറ്റ്, പരപ്പനങ്ങാടി നഴ്‌സിംഗ് ഹോം ആന്റ് എക്‌സ്‌റേ സെന്റർ ക്ലറിക്കൽ സ്റ്റാഫ് എക്‌സ്പിരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ഗൾഫ് മോഹത്തോടെ 1983 മാർച്ചിൽ ബോംബെ എയർപോർട്ടിൽ നിന്ന് ഫ്‌ളൈറ്റിൽ കറാച്ചിയിൽ ഇറങ്ങി. പിറ്റേന്ന് സൗദിയിലെ ദഹ്‌റാനിലേക്കും അവിടെ നിന്ന് എമിഗ്രേഷൻ കഴിഞ്ഞു വീണ്ടും ഫ്‌ളൈറ്റിൽ ജിദ്ദയിലും എത്തി. ജിദ്ദയിൽ സ്വീകരിക്കാൻ ഉപ്പയും ഉമ്മയും സഹോദരങ്ങളും അബ്ദു എളാപ്പയും (അബ്ദു ഹാജി എന്ന അബ്ദു റഹീം കോയ) എത്തിയിരുന്നു. എത്തിയ പിറ്റേന്ന് മുതൽ അറബി ഭാഷ പഠിക്കുവാൻ ഒരു മാസം ജിദ്ദയിലെ ഒരു ഓഫീസിൽ ജോലി ചെയ്തു. അതിന് ശേഷം ഉപ്പ ജോലി ചെയ്തു താമസിക്കുന്ന സൗദി റെഡ് ബ്രിക്‌സ് കമ്പനി വീട്ടിലേക്ക് താമസം മാറി. പിന്നെ ജോലി കിട്ടിയത് ബഹ്‌റയിലെ പിയാന്റ്‌റെ മാർച്ചാലി എന്ന ഇറ്റാലിയൻ ലാൻഡ് സ്‌കാപിംഗ്, നഴ്‌സറി, ഇറിഗേഷൻ എന്ന സ്ഥാപനത്തിന്റെ പുതിയ പ്രോജക്ട് സൈറ്റായ അൽ ജമ്മും എന്ന സ്ഥലത്ത് കമ്പനിയുടെ സ്‌റ്റോർ കീപ്പർ കം സൈറ്റ് സൂപ്പർവൈസറായാണ്. അവിടെ ഒരു വർഷം ജോലി ചെയ്തു. ഒരു വർഷമെടുത്താണ് ഇഖാമ ലഭിച്ചത്. അതിന് ശേഷം സൗദി റിസർച്ച് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ കിഴിലുള്ള എയർപോർട്ടിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ജിദ്ദയിലും 1984 ൽ റിയാദിലുമായി ജോലി ചെയ്തു. 84 ൽ ഉപ്പയും ഉമ്മയും നാട്ടിലേക്കു തിരിച്ചു പോയി. 1986 ൽ വിവാഹിതനായി.
1987 ൽ ഭാര്യ കൗലത്ത് റിയാദിലേക്ക് ഫാമിലി വിസയിൽ എത്തി. റിയാദിലെ എയർപോർട്ടിൽ ജോലി ചെയ്ത കാലയളവിൽ പല വി.ഐ.പികളെയും നാട്ടിലെ ഡോക്ടർമാരെയും എൻജിനീയർമാരെയും രാഷ്ട്രീയ നേതാക്കന്മാരെയും മറ്റും സുഹൃത്തുക്കളാക്കാൻ കഴിഞ്ഞു. 1990ൽ ഗൾഫ് യുദ്ധം വന്നപ്പോൾ റിയാദ് എയർപോർട്ട് അടക്കുകയും അങ്ങനെ 90 അവസാനത്തിൽ വീണ്ടും ജിദ്ദയിൽ തിരിച്ചെത്തുകയും ചെയ്തു. എസ്.ആർ.പി.സി ഓഫീസിൽ ടെലിഫോൺ ഓപറേറ്റർ ആയി ജോയിൻ ചെയ്തു. അറബ് ന്യൂസ്, അശ്ശർഖ് അൽ ഔസത്, അൽ ഇഖ്തിസാദിയ, അൽ സബാഹിയ, അൽ റിയാദിയ, അൽ മുസ്‌ലിമൂൻ മുതലായ പത്രങ്ങളും അൽ മജഹല്ലത്തുൽ മജല്ല, അൽ സയ്യിദത്തി, അൽ സയ്യാരത്, അൽ രാജൂൽ മുതലായ മാഗസിനുകളും കമ്പനി പ്രസിദ്ധീകരിച്ചിരുന്നു.
ജോലിയുമായി മുന്നോട്ട് പോയി. 1991 ൽ വീണ്ടും ഉപ്പയെ പുതിയ ഫ്രീ വിസയിൽ ജിദ്ദയിലേക്ക് കൊണ്ടുവന്നു. ഉപ്പ അറബ് ന്യൂസിലും മലയാളം ന്യൂസിലുമായി ജോലി ചെയ്ത് നാട്ടിലേക്കു തിരിച്ചുപോയി. എസ്.ആർ.എം.ജി ആ കാലയളവിലും തുടർന്നും പുതിയ പത്രങ്ങളും മാഗസിനുകളും ഇറക്കിക്കൊണ്ടിരുന്നു, അതിൽ പെട്ടതാണ് മലയാളം ന്യൂസ്, ഉറുദു ന്യൂസ്, ഉറുദു മാഗസിൻ, ആലമുൽ റിയാദിയ, സയ്യിദാത്തി ഡെക്കർ, മജഹല്ലത്തുൽ ഹിയ, മജഹല്ലത്തുൽ ബാസിം തുടങ്ങിയവ. 1990 മുതൽ 2020 വരെ സ്വിച്ച് ബോർഡ് ഓപറേറ്റർ ആയി വർക്ക് ചെയ്തു. ഇത്രയും കാലം ജബ്ബാർ അറബ് ന്യൂസ് എന്ന പേരിലാണ് അറിയപ്പെട്ടത്. സൗദി ഭരണാധികാരികളും പ്രമുഖരും പത്രമേധാവികളും മറ്റും ബന്ധപ്പെടുമ്പോൾ അവരെ ടെലിഫോണിൽ കണക്റ്റ് ചെയ്യാനായെന്നത് ജീവിതത്തിലെ അപൂർവ സൗഭാഗ്യമാണ്.
36 വർഷമായി നേരിട്ടറിയുന്ന അറബ് ന്യൂസ് മുൻ ചീഫ് എഡിറ്റർ ഖാലിദ് അൽ മഈന മറക്കാൻ പറ്റാത്ത വ്യക്തിത്വമാണ്. പല സഹായങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്. ജബ്ബാറിനും ഭാര്യക്കും ഹജിനും ഉംറക്കും വരുന്ന കുടുംബ ബന്ധുക്കളെ കാണുവാൻ മക്കത്തേക്ക് പോകലും അവരെ വീട്ടിലേക്ക് കൊണ്ടു വരികയെന്നതും ആഹ്ലാദം പകർന്നു. ജിദ്ദയിൽ മുപ്പത് വർഷം കുടുംബമായി താമസിച്ചത് ഫൈസലിയയിലാണ്. ഭാര്യ കൗലത്തും മകൾ നഹല, മകൻ നിബാൽ തുടർ പഠനത്തിന്ന് വേണ്ടി രണ്ട് വർഷമായി നാട്ടിലാണുള്ളത്. മകൻ നിഫാദ് ഭാര്യാ നിഹാല ഒപ്പം ജിദ്ദയിൽ. മകൾ നദ ഭർത്താവ് ദിൽഷാദും മക്കളുമൊത്ത് കുവൈത്തിലാണ്. ജബ്ബാർ ഇപ്പോൾ താമസിക്കുന്നത് കോഴിക്കോട് അരക്കിണർ (ബേപ്പൂർ). മൊബൈൽ നമ്പർ 00919497398661. സൗദിയിൽ ബന്ധപ്പെടാൻ 0543567211 / 0539134500.