മക്ക - മൂന്നാമത് ഹറം വികസന ഭാഗം ആയിരം ബഹുശാഖാ ദീപങ്ങളാൽ അലങ്കരിച്ചതായി വികസന പദ്ധതി പ്ലാനർ എൻജിനീയർ അബ്ദുല്ല ബിൻ ജുനൈദിബ് വെളിപ്പെടുത്തി. ഇവ സ്ഥാപിക്കാൻ ഏറെ അധ്വാനം ആവശ്യമായി വന്നു. സാധ്യമായത്ര കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളലാണ് വികസന പദ്ധതിക്ക് പിന്നിലെ പ്രധാന തന്ത്രം. മൂന്നാമത് വികസന പദ്ധതി ഭാഗത്ത് ഒരേ സമയം പതിനഞ്ചു മുതൽ ഇരുപതു ലക്ഷം വരെ വിശ്വാസികളെ ഉൾക്കൊള്ളാൻ സാധിക്കും.
മൂന്നാമത് വികസന പദ്ധതിക്ക് വേണ്ടി ഉപയോഗിച്ച പൈപ്പുകൾക്ക് ജിദ്ദയിൽ നിന്ന് ദമാം വരെ ദൈർഘ്യമുണ്ടാകും. വികസന പദ്ധതിക്ക് 30 ലക്ഷം ഘനമീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹൂവർ അണക്കെട്ടിന്റെ നിർമാണത്തിന് വേണ്ടിവന്നതിന് സമാനമായ കോൺക്രീറ്റ് മൂന്നാം വികസന പദ്ധതിക്ക് ഉപയോഗിച്ചിട്ടുണ്ട്. വികസന പദ്ധതിക്ക് എട്ടു ലക്ഷം ടൺ ഇരുമ്പ് ഉപയോഗിച്ചു. ഇത് പാരീസിലെ ഐഫിൽ ടവറിന്റെ നിർമാണത്തിന് ഉപയോഗിച്ച ഇരുമ്പിന്റെ എൺപതു മടങ്ങാണ്. മൂന്നാമത് ഹറം വികസന പദ്ധതിക്കും മതാഫ് വികസന പദ്ധതിക്കും വേണ്ടി രണ്ടു ലക്ഷത്തോളം മാപ്പുകളാണ് തയാറാക്കിയത്. വിവിധ വിഭാഗം എൻജിനീയർമാർ 45 ലക്ഷം മണിക്കൂർ തൊഴിൽ സമയം എടുത്താണ് ഇവ തയാറാക്കിയത്. വികസന ഭാഗത്തെ ഭിത്തികളിൽ പതിക്കുന്നതിന് പന്ത്രണ്ടു ലക്ഷം ചതുരശ്ര മീറ്റർ മാർബിൾ ഉപയോഗിച്ചിട്ടുണ്ടെന്നും എൻജിനീയർ അബ്ദുല്ല ബിൻ ജുനൈദിബ് പറഞ്ഞു.