Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ തട്ടിപ്പ്; കുവൈത്തില്‍ പത്ത് സോഷ്യല്‍ മീഡിയ താരങ്ങള്‍ കുരുക്കില്‍

കുവൈത്ത് സിറ്റി- ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി പണംതട്ടിയെന്ന ആരോപണത്തില്‍ കുവൈത്തിലെ 10 സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇവരില്‍ ചിലര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 30 ദശലക്ഷം കുവൈത്തി ദിനാര്‍ മരവിപ്പിക്കുകയും ചെയ്തു.

ബതിഖാത്ത് ഡോട് കോം എന്ന ഇ-കൊമേഴ്‌സ് വഴിയാണ് പണം തട്ടിയത്. നേരത്തെ സ്ഥാപനത്തിന്റെ ആസ്ഥാനം പൊലീസ് റെയ്ഡ് ചെയ്തിരുന്നു. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിര്‍ച്വല്‍ ലോകത്ത് ഇടം നല്‍കുന്ന വെബ്‌സൈറ്റാണ് ബൂതിഖാത്ത്. മിക്ക ഓണ്‍ലൈന്‍ താരങ്ങള്‍ക്കും വെബ്‌സൈറ്റില്‍ ഷോപ്പുണ്ട്. കമ്പനിയുടെ സഹസ്ഥാപകന്‍ അബ്ദുല്‍ വഹാബ് അല്‍ ഈസയും അന്വേഷണ പരിധിയിലാണ്. റോയിട്ടേഴ്‌സിന്റെ കണക്കു പ്രകാരം അഞ്ഞൂറു ദശലക്ഷം യു.എസ് ഡോളറാണ് വെബ്‌സൈറ്റിന്റെ മൂല്യം.
ദ റിയല്‍ ഫൗസ് ബ്യൂട്ടി സലൂണ്‍ എന്ന കമ്പനിയുടെ ഉടമസ്ഥ ഫൗസ് അല്‍ ഫഹദാണ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ട സെലിബ്രിറ്റികളില്‍ പ്രമുഖ. ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. അഞ്ചു ദശലക്ഷം ഫോളോവേഴ്‌സുള്ള ഫറ അല്‍ ഹാദിയാണ് മറ്റൊരാള്‍. ഇറാനിയന്‍ നടന്‍ അഖീല്‍ അല്‍ റൈസിയാണ് ഇവരുടെ ഭര്‍ത്താവ്. ഈയിടെ സൗന്ദര്യവര്‍ധക ബ്രാന്‍ഡായ മാകുമായി ഇവര്‍ കരാറിലെത്തിയിരുന്നു.

ഇറാഖി സൗന്ദര്യസംരഭക ദാന അല്‍ തുവാരിഷ്, ടി.വി അവതാരികയും മുന്‍ മോഡലുമായ ഹലീമ ബൗലാന്ദ്, ഫാഷന്‍ ഡിസൈനര്‍ ജമാല്‍ അല്‍നജാദ, ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന ഷിഫ അല്‍ഖറാസ് എന്നിവരും അന്വേഷണ പരിധിയിലാണ്.

ഈ മാസം കള്ളപ്പണം വെളുപ്പിക്കുന്ന വന്‍സംഘത്തെ കുവൈത്ത് പൊലീസ് വലയിലാക്കിയിരുന്നു. ഇതിന്റെ സൂത്രധാരനായ ഇറാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. ഒരു ഇറാനിക്ക് പുറമേ, മൂന്ന് കുവൈത്തികളാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. സംഘത്തിനെതിരെ പത്ത് പരാതികളാണ് കുവൈത്ത് പ'ിക് പ്രോസിക്യൂഷനില്‍ ലഭിച്ചിരുന്നത്. പ്രതികളുടേതെന്ന് കരുതുന്ന ലക്ഷ്വറി കാറുകള്‍, മോട്ടോര്‍ ബൈക്കുകള്‍, ആഡംബര വാച്ചുകള്‍, സ്വര്‍ണം, വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍, മദ്യക്കുപ്പികള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ടായിരുന്ന സെലിബ്രിറ്റികള്‍ക്കു നേരെയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

 

Latest News