Sorry, you need to enable JavaScript to visit this website.

മുസാഹ്മിയ ഈത്തപ്പഴ മാർക്കറ്റിൽ വിദേശിയുടെ ആധിപത്യമെന്ന് പരാതി

റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട മുസാഹ്മിയയിലെ ഈത്തപ്പഴ മാർക്കറ്റിൽ ഏഷ്യൻ വംശജന്റെ ആധിപത്യമെന്ന് പരാതി. പത്തു വർഷമായി പ്രദേശത്തെ ഈത്തപ്പന തോട്ടങ്ങളിൽ നിന്നുള്ള വിളവുകൾ കുത്തയാക്കി വെച്ച വിദേശ തൊഴിലാളി മുസാഹ്മിയ ഈത്തപ്പഴ വിപണിയിൽ വിൽപനക്ക് എത്തിക്കുന്ന ഈത്തപ്പഴത്തിന്റെ അളവും വിലയും തന്നിഷ്ട പ്രകാരം നിയന്ത്രിക്കുകയാണ്. സ്വന്തം നിലക്ക് ബിനാമി ബിസിനസുകൾ നടത്താൻ സൗദി പൗരന്മാർ വിദേശികൾക്ക് കൂട്ടുനിൽക്കുന്ന പ്രവണതക്ക് മാതൃകയാണ് മുസാഹ്മിയ ഈത്തപ്പഴ വിപണിയിൽ ആധിപത്യം സ്ഥാപിച്ച ഏഷ്യൻ വംശജനെന്ന് പ്രദേശത്ത് ഈത്തപ്പഴ വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന സൗദി പൗരന്മാർ പറയുന്നു. 


മുസാഹ്മിയ ഈത്തപ്പഴ വിപണിയിൽ വിൽപനക്ക് എത്തിക്കുന്ന ഈത്തപ്പഴത്തിന്റെ അളവും വിലയും വിദേശി നിയന്ത്രിക്കുന്നതിൽ സൗദി കച്ചവടക്കാർ പ്രതിഷേധം പ്രകടിപ്പിച്ചു. സൗദി പൗരന്മാർ തന്നെയാണ് ഈത്തപ്പഴ വിപണിയിൽ കുത്തക സ്ഥാപിക്കാൻ ഏഷ്യൻ വംശജന് കൂട്ടുനിൽക്കുന്നത്. ഇത്തരം നിഷേധാത്മക പ്രവണതകൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണം. മുസാഹ്മിയ ഈത്തപ്പഴ വിപണിയിൽ എമ്പാടും നിക്ഷേപാവസരങ്ങളുണ്ട്. സൗദി യുവാക്കൾക്ക് ഇവ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികൾ പറുന്നു.


അതേസമയം, ലൈസൻസില്ലാത്ത മേഖലയിൽ ബിസിനസ് നടത്താനും നിക്ഷേപങ്ങൾ നടത്താനും വിദേശികളെ രാജ്യത്തെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. വിദേശ നിക്ഷേപ ലൈസൻസില്ലാതെ വിദേശികൾ ബിസിനസ് നടത്തുന്നത് ബിനാമി വിരുദ്ധ നിയമത്തിന്റെ ലംഘനമാണ്. ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ കുറ്റക്കാരായ വിദേശികളെ രാജ്യത്തു നിന്ന് നാടുകടത്തുകയും ചെയ്യും. 
ബിനാമി ബിസിനസ് സ്ഥാപനങ്ങൾ നടത്താൻ കൂട്ടുനിൽക്കുന്ന സൗദി പൗരന്മാർക്കും ശിക്ഷകൾ ലഭിക്കും. ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം പരിശോധനകൾ നടത്തുന്നുണ്ട്. ബിനാമി ബിസിനസുകളെ കുറിച്ച് ലഭിക്കുന്ന പരാതികളിലും മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ട്. മൊഴികളെടുത്തും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയും ഇത്തരം കേസുകൾ നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് വാണിജ്യ മന്ത്രാലയം ചെയ്യുന്നതെന്നും അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. 


പച്ചക്കറി, ഈത്തപ്പഴ മാർക്കറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ചുമതല മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനില്ലെന്ന് മന്ത്രാലയ വക്താവ് നാസിർ അൽഹസാനി പറഞ്ഞു. പച്ചക്കറി, ഈത്തപ്പഴ മാർക്കറ്റിൽ സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ച് ഉറപ്പു വരുത്തുന്ന ചുമതല പ്രവിശ്യാ ഗവർണറേറ്റുകൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News