Sorry, you need to enable JavaScript to visit this website.

നിര്‍ത്തിയിട്ട കാറുകള്‍ മോഷ്ടിക്കുന്ന സംഘം ഷാര്‍ജയില്‍ പിടിയില്‍

ഷാര്‍ജ- കാര്‍ പാര്‍ക്കിങ് മേഖലകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ നാലംഗ സംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടി. നിരവധി കാറുകള്‍ മോഷ്ടിച്ച സംഘത്തില്‍ രണ്ടു പേര്‍ അറബികളാണെന്നും പോലീസ് പറഞ്ഞു. വെളിച്ചം കുറഞ്ഞ പാര്‍ക്കിങ് ഏരികളില്‍ നിര്‍ത്തിയിട്ട കാറുകളാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. നിരവധി കാറുകള്‍ ഇങ്ങനെ ഇവര്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞെങ്കിലും കൃത്യമായ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. 

 

കാര്‍ മോഷണ പരാതികള്‍ വര്‍ധിച്ചതോടെ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘം കുടുങ്ങിയതെന്ന് ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹസന്‍ പറഞ്ഞു. അറസ്റ്റിലായ നാലു പേരും കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലായാണ് ഇവര്‍ മോഷണം നടത്തിയിട്ടുള്ളത്. കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

 

ഗ്ലാസ് തകര്‍ത്ത് അകത്തു കടന്ന ശേഷം കാറുകള്‍ മറ്റൊരിടത്തേക്ക് മാറ്റി കീ മാറ്റിയ ശേഷം സംശയങ്ങള്‍ക്കിട നല്‍കാത്ത വിധം മറിച്ചു വില്‍ക്കുകയായിരുന്നു ഇവരുടെ മോഷണ രീതി. മതിയായ വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പു നല്‍കുന്നു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ കണ്ടാല്‍ അറിയിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

Latest News