Sorry, you need to enable JavaScript to visit this website.

കാലബോധമില്ലാത്ത  പിടിവാശികൾ

കോവിഡ് മഹാമാരിയുടെ കാലത്ത് സർക്കാർ സർവീസുകളിലേറെയും സ്തുത്യർഹമായ സേവനങ്ങളാണ് നടത്തി വരുന്നത്. ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും മാസങ്ങളായി വിശ്രമമില്ലാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുമ്പോൾ മറ്റു വകുപ്പുകളിലെ ജീവനക്കാരും അധ്യാപകരും കോവിഡ് ഡ്യൂട്ടികളിൽ ഏർപ്പെട്ടും വീടുകളിലുരുന്ന് ജോലി ചെയ്തും മഹാമാരിയുടെ കാലത്തും സേവന നിരതരാണ്. 
സർക്കാർ ഓഫീസുകളിൽ ജനങ്ങളുമായി നേരിട്ടു ബന്ധമുള്ളവയെല്ലാം ഏറെക്കുറെ കോവിഡ് അനുബന്ധ ജോലികളുമായാണ് മുന്നോട്ടു പോകുന്നത്. സാമൂഹിക അകലം പാലിച്ച് രോഗവ്യാപനം പടരാതെ നോക്കുകയെന്ന ധർമം ഏറെക്കുറെ പാലിക്കപ്പെടുന്നുണ്ട്.


ഇതിനിടയിലാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മേഖലയിൽ നിന്ന് അശുഭകരമായ ചില വാർത്തകൾ വരുന്നത്. ദേശീയ പാതക്ക് സ്ഥലമേറ്റെടുക്കുന്നതിനുള്ള അളവെടുപ്പ് കോവിഡ് ഭീതിയുടെ കാലത്തു തന്നെ പൂർത്തിയാക്കുന്നതിനുള്ള വിചിത്രമായ നടപടികളുമായാണ് റവന്യൂ ഉദ്യോഗസ്ഥർ മുന്നോട്ടു പോകുന്നത്. കോവിഡ് വ്യാപനം ഭയാനകമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുമ്പോൾ സാമൂഹിക അകലം പോലും പാലിക്കാതെ തിരക്കിട്ട് സ്ഥലമേറ്റെടുക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തിയും പ്രതിഷേധവുമുയർത്തിയിട്ടുണ്ട്. ദേശീയ പാത നിർമിക്കുന്ന കേന്ദ്ര സർക്കാറിന്റെ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത സമയം ആശങ്കകളുടേതാണ്. ജനങ്ങളിൽ നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ വകവെക്കാതെ റവന്യൂ ഉദ്യോഗസ്ഥരും പോലീസുകാരും വീടുകളുടെ കോമ്പൗണ്ടുകളിൽ കയറി ഇറങ്ങുന്നത് ചെറുതല്ലാത്ത ഭീതി വളർത്തുന്നുണ്ട്. പ്രത്യേകിച്ച് ആ വീടുകളിൽ പലതിലും പ്രായം ചെന്നവരും രോഗികളുമുണ്ടെന്നിരിക്കേ.


ദേശീയ പാതാ വികസന നടപടികൾ ഒരിക്കലും അവസാനിക്കാത്ത അനുഭവമായി മലപ്പുറം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർക്ക് മാറിക്കഴിഞ്ഞു. വർഷങ്ങളായി നടക്കുന്ന അഭ്യാസമാണിത്. ജനങ്ങളുടെ സ്വത്ത് സർക്കാർ ഏറ്റെടുക്കുമ്പോൾ കാണിക്കേണ്ട മാന്യമായ ഇടപെടലുകളെല്ലാം കാറ്റിൽ പറത്തിയാണ് സംസ്ഥാന സർക്കാർ അവിടെ പ്രവർത്തിക്കുന്നത്. 
നഷ്ടപരിഹാരത്തിനായി ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെയോ ചർച്ചകൾക്ക് ഇടം നൽകാതെയോ തെറ്റിദ്ധാരണ പരത്തുന്ന നടപടികളിലൂടെയാണ് സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. 


മലപ്പുറം ജില്ലയുടെ തെക്കൻ മേഖലയിലുള്ള പാലപ്പെട്ടിയിൽ തുടങ്ങി വടക്ക് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്നതു വരെയുള്ള 65 കിലോമീറ്ററോളം ദൂരം സ്ഥലമേറ്റെടുപ്പ് നടക്കുകയാണ്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലായി ഏറെക്കാലമായി ഇതിന്റെ നടപടികൾ പുരോഗമിക്കുന്നുണ്ട്. പരാതികളും കോടതി ഇടപെടലുകളുമൊക്കെയായി അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനടയിൽ ഏത് രീതിയിലും സ്ഥലമേറ്റെടുക്കുമെന്ന വാശിയിലാണ് സംസ്ഥാന സർക്കാർ ഈ കോവിഡ് വ്യാപന കാലത്ത് മുന്നോട്ടു പോകുന്നത്.
മലപ്പുറം ജില്ലയിലെ നാലു താലൂക്കുകളിലായി 2500 കുടുംബങ്ങളാണ് സ്ഥലമേറ്റെടുപ്പിന്റെ ഇരകളായി മാറുന്നത്. മുക്കാൽ ലക്ഷത്തോളം കച്ചവട സ്ഥാപനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ സമ്മർദം മൂലം പാതയുടെ വികസനം വേണ്ടെന്നു വെക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ല. എന്നാൽ സ്ഥലമുടമകളുടെ കൂടി ആവശ്യങ്ങൾ പരിഗണിച്ചും അവരുടെ സ്വത്തിന് അർഹമായ പ്രതിഫലം നൽകിയുമാണ് നടപടികൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്. സ്ഥലമെടുപ്പ് യാഥാർഥ്യമാകുമെന്നും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുമെന്നും ഈ പ്രദേശത്തെ ജനങ്ങളിലേറെയും വിശ്വസിക്കുന്നുണ്ട്. അവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം ആത്യന്തികമായി സർക്കാറിനാണെങ്കിലും അതിൽ നിർമിച്ച വീടുകളും മറ്റും ഓരോ കുടുംബത്തിന്റെയും വിയർപ്പാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.


നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ദേശീയ പാതാ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിക്കുന്നത്. നേരത്തേ തിരൂരിലെ സ്ഥലങ്ങൾ ഏറ്റെടുക്കുമ്പോൾ ആദ്യം മോഹവില വാഗ്ദാനം ചെയ്യുകയും ഭൂമിയുടെ രേഖകൾ ഉദ്യോഗസ്ഥർ വാങ്ങുകയും പിന്നീട് പുതിയ ഉത്തരവിലൂടെ നഷ്ടപരിഹാരത്തുക വെട്ടിക്കുറക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണം ആക്ഷൻ കൗൺസിൽ ഉന്നയിക്കുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടിയെന്ന് പറയപ്പെടുന്ന സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമായ നടപടിയാണിത്.
തിരൂർ നിവാസികളുടെ ദുരനുഭവം മുന്നിൽ നിൽക്കുമ്പോഴാണ് തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ ഭൂഉടമകളുമായി അടുത്ത മാസം റവന്യൂ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച വെച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ കാലത്ത് എത്ര കുടുംബങ്ങൾക്ക് ഇത്തരമൊരു കൂടിക്കാഴ്ചയിൽ പങ്കെടുക്കാനാകുമെന്ന് വ്യക്തമല്ല. ഭൂഉടമകളിൽ പലരും പ്രായം ചെന്നവരോ രോഗികളോ ആണ്. 
ഇവരോട് കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങരുതെന്ന് പറയുന്ന സർക്കാർ തന്നെയാണ് രേഖകളുമായി കൂടിക്കാഴ്ചക്ക് ചെല്ലാൻ ആവശ്യപ്പെടുന്നത്. കോവിഡ് കഴിയുന്നതു വരെ കൂടുക്കാഴ്ചകൾ നീട്ടിവെക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് ഉദ്യോഗസ്ഥർ ഇപ്പോഴും പുറംതിരിഞ്ഞ് നിൽക്കുകയാണ്. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കാനുള്ള തിരിക്കിനിടയിൽ ഉദ്യോഗസ്ഥർ പണയപ്പെടുത്തുന്നത് ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവനാണ്.


നടപടികൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ എം.എൽ.എമാർ മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. എന്നാൽ അതൊന്നും സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നാണ് കൂടിക്കാഴ്ചക്ക് തീയതി നിശ്ചയിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് തെളിയിക്കുന്നത്.
റോഡും വികസനവുമൊക്കെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ജനങ്ങളുടെ ജീവൻ നിലനിന്നാൽ മാത്രമേ അതുകൊണ്ടുള്ള പ്രയോജമുണ്ടാകൂ. 
രോഗവ്യാപന കാലത്ത് നൂറുകണക്കിന് ആളുകളെ കൂടിക്കാഴ്ചക്ക് വിളിക്കുന്ന ഉദ്യോഗസ്ഥർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്?  ഈ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്തും പരിഹരിച്ചുമാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. കാലബോധമില്ലാത്ത പിടിവാശിയോ ഉരുക്കുമുഷ്ടിയോ ആകരുത് ഇതിനുള്ള ജനാധിപത്യപരമായ മറുപടി.
 

Latest News