ദുബായ്- രാജ്യത്തുടനീളം കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിലായി 44 വിമാന സര്‍വീസുകള്‍ വൈകി. ചൊവ്വാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ട മൂടല്‍ മഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. വേഗത കുറക്കാനും റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ വലിയ അകലം പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
യുഎഇയില്‍ മിക്കയിടത്തും പുലര്‍ച്ചെ അഞ്ചു മുതല്‍ ഒമ്പതു മണിവരെ കനത്ത മൂടല്‍ മഞ്ഞ് പടര്‍ന്നു. വ്യക്തമായ കാഴ്ചയ്ക്ക് തടസ്സമുണ്ടായതാണ് വിമാന സര്‍വീസുകള്‍ വൈകാന്‍ ഇടയാക്കിയത്. പ്രധാനമായും അബുദബി, ദുബായ്, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സര്‍വീസുകളെയാണ് ഇതു ബാധിച്ചത്. അബുദബിയില്‍ ആറു മണിക്ക് ശേഷം ഇറങ്ങേണ്ട ഏഴു വിമാനങ്ങളാണ് വൈകിയത്. പുലര്‍ച്ചെ മൂന്നിനു ആറിനുമിടയില്‍ ദുബയ് വിമാനത്താവളത്തിലിറങ്ങേണ്ട 19 വിമാനങ്ങള്‍ വൈകി. അതേസമയം 50 വിമാനങ്ങള്‍ കൃത്യസമയത്ത് ഇവിടെ ഇറങ്ങുകകുയം ചെയ്തു. ഷാര്‍ജയില്‍ 18 വിമാനങ്ങളാണ് വൈകി ഇറങ്ങിയത്.
മൂടല്‍ മഞ്ഞ് ചൊവ്വാഴ്ച രാത്രിയിലും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ബുധനാഴ്ച പുലര്‍ച്ചെയും സമാനസാഹചര്യമുണ്ടാകാം.