കൊച്ചി- നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമായിരുന്നുവെന്ന് ആവര്‍ത്തിച്ച് ശിവശങ്കര്‍ ഐഎഎസിന്റെ മൊഴി . അവരെ അധികാര ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താത്തത് തന്റെ പിഴയാണെന്നും സ്വര്‍ണക്കടത്തിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം എന്‍ഐഎയ്ക്ക് മൊഴി നല്‍കി. ഇന്നലെയായിരുന്നു വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ ശിവശങ്കറിനെ വിളിച്ചു വരുത്തിയത്. സ്വപ്‌നയില്‍ നിന്ന് അരലക്ഷം രൂപ ശിവശങ്കര്‍ വാങ്ങിയത് കടമായിരുന്നോ എന്തിനെങ്കിലുമുള്ള പ്രത്യുപകാരമായിരുന്നോ എന്ന കാര്യവും എന്‍ഐഎ അന്വേഷിച്ചു.
സാമ്പത്തിക പ്രയാസം ഉണ്ടായപ്പോള്‍ പണം കടം വാങ്ങിയത് സത്യമാണ്. എന്നാല്‍ കടമായാണ് വാങ്ങിയത്. തിരിച്ചു കൊടുത്തിട്ടില്ല. പ്രത്യുപകാരമായിരുന്നില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് എന്‍ഐഎ നടത്തിയതെന്നാണ് വിവരം. അതേസമയം സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് സ്വപ്‌നയുടെ നിയമനം അടക്കമുള്ള കാര്യത്തില്‍ ശിവശങ്കറിന്റെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്.