Sorry, you need to enable JavaScript to visit this website.

ഹജ് സംഘങ്ങൾക്ക് മതാഫിൽ  പ്രത്യേക ട്രാക്കുകൾ

റിയാദ്- ഓരോ ഹജ് സംഘങ്ങൾക്കും മതാഫിൽ പ്രത്യേക ട്രാക്കുകൾ സജ്ജീകരിച്ചു കഴിഞ്ഞതായി ഹറംകാര്യ വകുപ്പ് വക്താവ് ഹാനി ഹൈദർ അറിയിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ഏകോപനം നടത്തിയും പരസ്പര പങ്കാളിത്തത്തോടെയും ആരോഗ്യ, മുൻകരുതൽ നടപടികൾ പാലിച്ച് ഹജ് തീർഥാടകരെ സ്വീകരിക്കാൻ ഹറംകാര്യ വകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ് തീർഥാടകരുടെ സേവനത്തിന് ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളോടെയുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ ബാധകമാക്കിയുള്ള ഹജ് പദ്ധതി ഹറംകാര്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. 


ഹാജിമാർക്കിടയിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നിലക്ക് ഹജ് സംഘങ്ങൾക്ക് പ്രത്യേക ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിക്കും തിരക്കുകളും സംഭവിക്കാതെ നോക്കുന്നതിന് ഓരോ ഹജ് സംഘത്തിനും വിശുദ്ധ ഹറമിൽ പ്രവേശിക്കാനും ഹറമിൽ നിന്ന് പുറത്തുകടക്കാനും പ്രത്യേക കവാടങ്ങൾ നീക്കിവെച്ചിട്ടുണ്ട്. ഹറമിൽ സംസം ജാറുകൾക്കും കൂളറുകൾക്കുമുള്ള വിലക്ക് തുടരും. അണുവിമുക്തമാക്കി, ഒറ്റത്തവണ ഉപയോഗത്തിനുള്ള കുപ്പികളിൽ നിറച്ച സംസം വെള്ളം ഹാജിമാർക്കിടയിൽ വിതരണം ചെയ്യും. തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നതിന് സംസം ബോട്ടിൽ നിർമാണ ശേഷി ഹറംകാര്യ വകുപ്പ് ഉയർത്തിയിട്ടുണ്ട്. 


അറഫ ഖുതുബ തൽക്ഷണ വിവർത്തന പദ്ധതി നടപ്പാക്കുന്നതിനുള്ള സാങ്കേതിക സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. തുടർച്ചയായി മൂന്നാം വർഷമാണ് ഈ പദ്ധതി നടപ്പാക്കുന്തന്. ഇക്കൊല്ലം പത്തു ഭാഷകളിൽ അറഫ ഖുതുബ തത്സമയം വിവർത്തനം ചെയ്യും. ഇംഗ്ലീഷ്, ഫ്രഞ്ച്, പേർഷ്യൻ, മലാവി, ഉർദു, ചൈനീസ്, തുർക്കി, റഷ്യൻ, ഹോസാവി, ബംഗാളി ഭാഷകളിലാണ് അറഫ ഖുതുബ വിവർത്തനം ചെയ്യുകയെന്നും ഹാനി ഹൈദർ പറഞ്ഞു. 
 

Latest News