കൊച്ചി- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ 9.15 ഓടെയാണ് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ അദ്ദേഹം എത്തിയത്. കേസില്‍ സര്‍ക്കാര്‍ കൂടി കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്ട്രറിയായിരുന്ന ശിവശങ്കറിനെ എന്‍ഐഎ രണ്ടാമതും ചോദ്യം ചെയ്യുന്നത്. എന്‍ഐഎ ആസ്ഥാനത്തെ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
ചില ഫോണ്‍കോളുകളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാണ് അന്വേഷണസംഘം മൊഴിയെടുക്കുന്നത്. കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്,സരിത്ത് എന്നിവരെ അറിയാമെന്നും എന്നാല്‍ സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ആദ്യം നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. എന്നാല്‍ ചില തെളിവുകള്‍ കൂടി ലഭിച്ച സാഹചര്യത്തിലാണ് രണ്ടാമതും ചോദ്യം ചെയ്യുന്നത്.