Sorry, you need to enable JavaScript to visit this website.

അനുമതിപത്രം ഇല്ലാത്ത 16 പേർക്ക് പിഴ ഈടാക്കി

മക്ക- അനുമതിപത്രം (തസ്‌രീഹ് ) ഇല്ലാതെ പുണ്യനഗരികളിൽ പ്രവേശിച്ചതിന്റെ പേരിൽ പിടിയിലായ 16 പേരിൽനിന്ന് 10,000 സൗദി റിയാൽ പിഴ ഈടാക്കിയതായി സൗദി പൊതുസുരക്ഷാ വക്താവ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ഹജ് തീർഥാടകരുടെ എണ്ണം സൗദി അറേബ്യ പരിമിതപ്പെടുത്തിയിട്ടുണ്ട്. പകർച്ച വ്യാപനം നിയന്ത്രിക്കുന്നതിനായി ഇത്തവണ ഹാജിമാർ പുണ്യനഗരികളിൽ എത്തുന്നതിനു മുമ്പ് സ്വയം ക്വാറന്റൈനിൽ കഴിയുകയും വേണം. ദുൽഹജ് എട്ട് വരെയാണ് തീർഥാടകർ മക്കയിൽ ഹോം ക്വാറന്റൈനിൽ കഴിയേണ്ടത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള പ്രോട്ടോകോളുകൾ പാലിക്കാനും തീർഥാടകർ ബാധ്യസ്ഥരാണ്. 


ആഭ്യന്തര തീർഥാടകർക്ക് മാത്രം അനുമതി നൽകി നടത്തുന്ന ഈ വർഷത്തെ ഹജ് കർമത്തിൽ പങ്കെടുക്കുന്നത് 70 ശതമാനവും വിദേശികളാണെന്നതും ശ്രദ്ധേയമാണ്.
അധികാരികൾ നിശ്ചയിച്ച ആരോഗ്യ മാനദണ്ഡങ്ങൾ മുഖേന ഇ- പോർട്ടൽ വഴിയാണ് ഹജ് തീർഥാടകരെ തെരഞ്ഞെടുത്തതെന്ന് ഹജ് ഉംറ കാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽഫത്താഹ് ബിൻ സുലൈമാൻ മഷാത്ത് വ്യക്തമാക്കി. കോവിഡ്19 കാരണം ഈ വർഷം ഹാജിമാരെ സ്വീകരിക്കാൻ മന്ത്രാലയം നേരത്തേ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. തീർഥാടകർക്കും വളണ്ടിയർമാർക്കും അണുബാധയിൽ നിന്ന് രക്ഷ നേടാനുള്ള പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി സൗദി ഹജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബിൻതൻ പറഞ്ഞു.

Latest News