അബുദാബി- അതിര്‍ത്തി ചെക്‌പോയന്റുകളില്‍കൂടി അബുദാബിയിലേക്കു പ്രവേശിക്കാന്‍ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയ നൂറിലധികം പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് നെഗറ്റീവ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ഇപ്പോള്‍ അബുദാബിയിലേക്ക് പ്രവേശനമുള്ളു.
അതിനിടെ അബുദാബിയില്‍ ഏര്‍പ്പെടുത്തിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ എല്ലാ എമിറേറ്റുകളിലും വേണമെന്ന് ആവശ്യമുയര്‍ന്നു. നിലവിലുള്ള കേന്ദ്രത്തില്‍ തിരക്ക് നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണിത്. പെര്‍മിറ്റ് കിട്ടാന്‍ ഏറെ വൈകുന്ന സ്ഥിതിയാണ്. നേരിട്ടുള്ള പരിശോധന കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെങ്കിലും തിരക്ക് നിയന്ത്രണാതീതമാണ്. മറ്റുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാണ് നിര്‍ദേശം. 15 ദിവസം വരെ കാത്തിരിക്കേണ്ടിവരും.
ലേസര്‍കോവിഡ് ടെസ്റ്റിന് മറ്റൊരു കേന്ദ്രം തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്നു നിലവില്‍ വരുമെന്നു വ്യക്തമല്ല. സൈഹ് ശുഅയ്ബ് മേഖലയിലുള്ള ഗന്‍തൂത് കേന്ദ്രം മാത്രമാണ് നിലവിലുള്ളത്. ഇതു വിപുലമാക്കിവരുകയാണ്. പ്രതിദിനം 10,000 പേരെ പരിശോധിക്കാനാകും.