ജിദ്ദ- കടലാസ് പൂവിന്റെ വീഡിയോയും മകനും സമൂഹ മാധ്യമങ്ങളില്‍ വൈറലായത് വിശ്വസിക്കാനാകാതെ വാപ്പ അബ്ദുല്‍ മുനിര്‍ ജിദ്ദയിലെ ബഖാലയില്‍. മകന്‍ ഫായിസിനെ അന്വേഷിച്ച് നാട്ടില്‍ കിഴിശ്ശേരി കുഴിഞ്ഞിളത്തെ വീട്ടില്‍ ആളുകള്‍ എത്തുന്നതുപേലെ കിലോ പത്തില്‍ ബഖാല നടത്തുന്ന മുനീറിനെ തേടി നാട്ടുകാരുടേയും സുഹൃത്തുകളുടേയും ഫോണ്‍ കോളുകള്‍ എത്തുന്നു.
അബ്ദുല്‍ മുനീര്‍ ജിദ്ദയിലെ ബഖാലയില്‍
എല്ലാം അവിശ്വസനീയമായി തോന്നുന്നുവെന്നും ആരുടേയും പ്രേരണയില്ലാതെ മകന്‍ ഫായിസ് ഫോണില്‍ എടുത്ത വീഡിയോ എളാപ്പാന്റെ മകള്‍ ജസീലയാണ് ഫാമിലി ഗ്രൂപ്പിലിട്ടതെന്നും മുനീര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
അവന് സ്വന്തമായി ഫോണൊന്നും ഇല്ല. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടിലെ ഫോണ്‍ കൊടുക്കാറുണ്ട്. എവിടെനിന്നാണ് കേട്ടതെന്നറിയില്ല. യുട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നല്ലോണം പൈസ കിട്ടുമെന്ന് ഉമ്മയോട് പറഞ്ഞ ശേഷമാണ് വീഡിയോ പിടിച്ചത്. പുസ്തകങ്ങള്‍ക്ക് ചാരി മൊബൈല്‍ ഫോണ്‍ വെച്ചായിരുന്നു വീഡിയോ പിടിത്തം- മുനീര്‍ പറഞ്ഞു.
വീഡിയോ എടുത്തിട്ട് ഒരാഴ്ചയായെങ്കിലും മുനവ്വറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ ഷെയര്‍ ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം ഇത് പൊടുന്നനെ വൈറലായതെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കടലാസ് പൂ എങ്ങനെ നിര്‍മിക്കാമെന്ന് പഠിപ്പിക്കുന്ന വീഡിയോയില്‍ ശ്രമം പരാജയപ്പെട്ടിട്ടും
തോറ്റ ഭാവം മുഖത്ത് പ്രകടിപ്പിക്കാതെ ഫായിസ് സംസാരം തുടര്‍ന്നതാണ് ഈ വീഡിയോയെ ശ്രദ്ധേയമാക്കിയത്. മോട്ടിവേഷന്റെ അങ്ങേയറ്റമെന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങള്‍ ഈ വീഡിയോ എറ്റെടുത്തു.
എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തില്‍ ഒരു വിജയവും കൈവരിക്കാന്‍ സാധിക്കുന്നില്ലെന്ന് വിഷമിച്ചിരിക്കുന്നവര്‍ ഈ വീഡിയോ കാണണമെന്നും വീഡിയോ പങ്കുവെക്കുന്നവര്‍ ആവശ്യപ്പെടുന്നു.
ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല. ഇന്റേത് റെഡിയായില്ല്യ.എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്യ- ഈ വാക്കുകളാണ് ഇസ്സത്ത് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ കെ.ടി.മുഹമ്മദ് ഫായിസിനെ താരമാക്കിയത്.
പത്ത് വര്‍ഷമായി ജിദ്ദയിലുള്ള അബ്ദുല്‍ മുനീറിന്റെ മൂന്നു മക്കളില്‍ ഇളയവനാണ് ഫായിസ്. മൂത്ത സഹോദരി ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവിനു പഠിക്കുന്ന ഫാലിഹക്കു കലാകാരിയാണെന്നും അവളില്‍നിന്നാണ് കടലാസ് പൂവുണ്ടാക്കാനുള്ള ആശയം ഫായിസിനു ലഭിച്ചതെന്നും മുനീര്‍ പറഞ്ഞു. ഫായിസിന്റെ മറ്റൊരു സഹോദരി നാഫിഹ കുഴിമണ്ണ ജി.എച്ച്.എസ്.എസില്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.
ഇതാണ് മോട്ടിവേഷൻ
Posted by M Ashraf Muhammed on Friday, July 24, 2020