ജിദ്ദ- പാലത്തായിൽ പീഡനത്തിന് ഇരയായ കുട്ടിക്ക് നീതി ലഭിക്കുംവരെ പേരാട്ടം തുടരുമെന്ന് പ്രവാസി സാംസ്‌കാരിക വേദി വനിതാ വിഭാഗം ജിദ്ദയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത വനിതകൾ പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലത്തിലെ ഒരു പിഞ്ചോമനക്ക് നീതി നൽകാൻ കഴിയാതിരിക്കുകയും നിസ്സംഗത തുടരുകയും ചെയ്യുന്ന ശിശുക്ഷേമ മന്ത്രിയുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് സംസാരിച്ചവർ പറഞ്ഞു. പിഞ്ചു ബാലികയായ ഇര നൽകിയ രഹസ്യമൊഴി പരസ്യമാക്കിയ ഐ.ജി ശ്രീജിത്തിന്റെ നടപടി ഗുരുതര കൃത്യവിലോപവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും അനാദരവുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയും കേസന്വേഷണത്തിൽനിന്ന് മാറ്റി നിർത്തുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രവാസി സാംസ്‌കാരിക വേദി വനിതാ വിഭാഗം പ്രസിഡന്റ് സുഹറ ബഷീർ അധ്യക്ഷത വഹിച്ചു. സലീന മുസാഫിർ, അനീസ ബൈജു, സിമി മോൾ, ഫർസാന യാസിർ, മുംതാസ് വി, റുക്‌സാന മൂസ, ഷിജി രാജീവ്, നജാത്ത് സക്കീർ, റജീന നൗഷാദ്, സൽമ ഹാഷിംജി, ബുഷ്‌റ റിജോ, സകീന ഓമശ്ശേരി, സോഫിയ സുനിൽ, വിദ്യാർത്ഥികളായ അമൽ, മറിയം സുഹ എന്നിവർ സംസാരിച്ചു.
മുതിർന്ന വിദ്യാർത്ഥിനികളുടെ പ്രതിഷേധ സ്‌കിറ്റും കൊച്ചു വിദ്യാർത്ഥികളുടെ പ്രതിഷേധ പ്ലക്കാർഡുകളുടെ അകമ്പടിയോടെ ഷഹർബാനു നൗഷാദ് അവതരിപ്പിച്ച കവിതയും ശ്രദ്ധേയമായി. മുഹ്‌സിന നജ്മുദ്ധീൻ സ്വാഗതവും ലത്തീഫ നന്ദിയും പറഞ്ഞു.