Sorry, you need to enable JavaScript to visit this website.

ചലച്ചിത്ര മേഖലയില്‍ കള്ളപ്പണമെന്ന് സിയാദ് കോക്കര്‍, അന്വേഷിക്കണം

കൊച്ചി- ചലച്ചിത്ര മേഖലയിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്കെന്ന് നിര്‍മാതാവും വിതരണക്കാരനുമായ സിയാദ് കോക്കര്‍. ചലച്ചിത്ര നിര്‍മാണ മേഖലയില്‍ അടുത്തിടെ കാണുന്ന ധൂര്‍ത്തിന് പിന്നില്‍ കള്ളപ്പണമാണെന്നും മലയാള സിനിമയെ ഗ്രസിച്ചിരിക്കുന്ന ഈ കള്ളപ്പണ ഇടപാടുകാരെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്നും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായ സിയാദ് കോക്കര്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പണം സിനിമ മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം.

സിനിമ മേഖലയില്‍ സ്വര്‍ണ കള്ളക്കടത്തുകാരുടെ ഇടപെടല്‍ നടന്നിട്ടുണ്ടെന്നത് തന്നെ പോലുള്ള നിര്‍മാതാക്കളുടെ വ്യക്തിപരമായ ബോധ്യമാണ്. ഫൈസല്‍ ഫരീദ് സിനിമാ മേഖലയുമായി ബോധപൂര്‍വം ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിര്‍മാണത്തിന് ഇറക്കുകയായിരുന്നെന്ന് സിയാദ് കോക്കര്‍ ആരോപിക്കുന്നു. ബിഗ് ബജറ്റ് സിനിമകളില്‍ ഇത്തരത്തില്‍ പണം എത്തുന്നുണ്ട്. ശരിയല്ലാത്ത രീതികളില്‍ സിനിമയില്‍ വന്‍തോതില്‍ പണം എത്തുന്നു. ഇതിന്റെ വിഹിതം പറ്റുന്ന ടെക്‌നീഷ്യന്‍സും ആര്‍ട്ടിസ്റ്റുകളുമൊക്കെയുണ്ട്. അവര്‍ക്കൊക്കെ ഇക്കാര്യമറിയാം. ഇതുസംബന്ധിച്ച് എന്‍.ഐ.എ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. സിനിമാ താരങ്ങളുടെയും നിര്‍മാതാക്കളുടെയും തുടങ്ങി ചലച്ചിത്ര പ്രവര്‍ത്തകരുടെ വരെ എന്‍.ആര്‍.ഐ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം വരണം. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്.

ബിഗ് ബജറ്റ് ചിത്രങ്ങളെടുക്കുന്ന ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരൊക്കെ സുതാര്യമായാണ് സിനിമാ നിര്‍മാണം നടത്തുന്നതെന്നും എന്നാല്‍ പുതുതായി രംഗത്തെത്തുന്ന ചില നിര്‍മാതാക്കള്‍ മലയാള സിനിമയില്‍ അനഭിലഷണീയമായ പ്രവണതകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും സിയാദ് കോക്കര്‍ പറയുന്നു. ഇത്തരക്കാരുടെ സിനിമകളില്‍ പണത്തിന്റെ അനാവശ്യ ധൂര്‍ത്താണ് കാണുന്നത്. സിനിമയെ വഴിതെറ്റിക്കുന്ന ഈ പ്രവണത അവസാനിച്ചേ മതിയാകൂ. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും സിയാദ് കോക്കര്‍ ആവശ്യപെട്ടു. വിദേശത്തുവച്ച് നടന്ന ഷോകളില്‍ പങ്കെടുക്കുന്ന താരങ്ങളെ ഏതെങ്കിലും വിധത്തില്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

 

 

Latest News