തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയായിരുന്നു. ആയിരം ഡോളര്‍ വീതം തനിക്ക് ഇതിനായി പ്രതിഫലം നല്‍കിയിരുന്നുവെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കി.
നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹരജിയിലും സ്വപ്‌ന അറ്റാഷെയുടെ നിര്‍ദേശം അനുസരിച്ചാണ് ബാഗ് വിട്ടുകിട്ടാന്‍ ഇടപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്തിന് അറ്റാഷെ വിഹിതം നല്‍കിയിരുന്നതായി സരിത്തും സന്ദീപും റമീസും മൊഴി നല്‍കിയിരുന്നു. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറുമായി വെറും സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്വപ്‌ന കസ്റ്റംസിനോട് പറഞ്ഞു. അതേസമയം എന്‍ഐഎ തിങ്കളാഴ്ച ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.