ജിദ്ദ - ഇ പോര്‍ട്ടല്‍ വഴിയാണ് ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടകരെ തെരഞ്ഞെടുത്തതെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്ത് പറഞ്ഞു. ഹാജിമാരെ തെരഞ്ഞെടുത്തതില്‍ ആര്‍ക്കും ഒരുവിധ മുന്‍ഗണനയും നല്‍കിയിട്ടില്ല. മാധ്യമങ്ങളിലൂടെ നേരത്തെ പരസ്യപ്പെടുത്തിയ ആരോഗ്യ മാനദണ്ഡങ്ങള്‍ മാത്രമാണ് ഹജ് തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്നതിലുള്ള മുന്‍ഗണന.
തീര്‍ഥാടകരില്‍ 30 ശതമാനം പേര്‍ സൗദികളാണ്. കൊറോണ വൈറസ് മുക്തരായ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ആരോഗ്യ മാനദണ്ഡങ്ങള്‍ പൂര്‍ണമായ സ്വദേശികളെയാണ് ഹജിന് തെരഞ്ഞെടുത്തത്. പോര്‍ട്ടല്‍ വഴി ഹജിന് രജിസ്റ്റര്‍ ചെയ്യാന്‍ വിദേശികള്‍ക്ക് അവസരമൊരുക്കിയിരുന്നു. ആരോഗ്യ മാനദണ്ഡങ്ങള്‍ മാത്രം നോക്കിയാണ്, മറ്റു മുന്‍ഗണനകളൊന്നും കൂടാതെ വിദേശികളെ ഹജിന് തെരഞ്ഞെടുത്തത്.
ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടകരില്‍ 70 ശതമാനം പേര്‍ വിദേശികളാണ്. നയതന്ത്ര ഉദ്യോഗസ്ഥരെയോ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെയോ സൗദിയില്‍ കഴിയുന്ന വിദേശികളുടെ കൂട്ടത്തില്‍ പെട്ട വിശിഷ്ടരെയോ പ്രമുഖരെയോ ഹജിന് തെരഞ്ഞെടുത്തിട്ടില്ലെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു.
ഇത്തവണത്തെ ഹജിന് ആര്‍ക്കും പ്രത്യേക ഇളവ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആദ്യമായി കൈക്കൊണ്ടതെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു. ഈ വര്‍ഷം നേതാക്കളോ ഉത്തരവാദപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരോ ഹജ് കര്‍മം നിര്‍വഹിക്കില്ല. ഹജ് തീര്‍ഥാടകരെ തീര്‍ത്തും സുതാര്യമായാണ് തെരഞ്ഞെടുത്തത്.
ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഹജ് നടക്കുക. ഹജ് തീര്‍ഥാടകരുടെയും അവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നവരുടെയും സുരക്ഷക്കാണ് മുഴുവന്‍ വകുപ്പുകളും പ്രാധാന്യം നല്‍കുന്നത്. കൊറോണ വ്യാപനം തടയുന്നത് ഉറപ്പുവരുത്തുന്ന നിലക്ക് അസാധാരണ ഹജ് പദ്ധതി തയാറാക്കിയിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ സൗദി അറേബ്യ 15 കോടിയിലേറെ ഹജ്, ഉംറ തീര്‍ഥാടകരെ സ്വീകരിച്ചിട്ടുണ്ട്. കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ടപ്പോള്‍ സൗദിയില്‍ അഞ്ചു ലക്ഷത്തോളം ഉംറ തീര്‍ഥാടകരുണ്ടായിരുന്നു. ഹജ് സീസണില്‍ ആളുകളുടെ ജീവന്‍ കാത്തുസൂക്ഷിക്കാനാണ് രാജ്യം മുന്‍ഗണന നല്‍കുന്നത്. ഹാജിമാരുടെ സുരക്ഷക്കും കൊറോണ വ്യാപനം തടയാനും ഊന്നല്‍ നല്‍കുന്നതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
മക്കയിലും പുണ്യസ്ഥലങ്ങളിലും മക്കയിലേക്കുള്ള വഴികളിലും ഹെലികോപ്റ്റര്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സെക്യൂരിറ്റി ഏവിയേഷനും വ്യോമസേനക്കും കീഴിലെ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള ഹെലികോപ്റ്ററുകളാണ് നിരീക്ഷണം നടത്തുന്നത്. സൗദി അറേബ്യക്കകത്തു നിന്നുള്ള ഹജ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന തൊഴിലാളികള്‍ക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയം കൊറോണ വൈറസ് പരിശോധനകള്‍ നടത്താന്‍ തുടങ്ങി. മുസ്ദലിഫയിലെ അല്‍മശ്അറുല്‍ഹറാം മസ്ജിദില്‍ നിയോഗിക്കുന്ന തൊഴിലാളികള്‍ക്കാണ് ആരോഗ്യ മന്ത്രാലവുമായി സഹകരിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയം ആദ്യമായി പി.സി.ആര്‍ പരിശോധനകള്‍ നടത്തിയത്.