ശ്രീനഗര്‍- കശ്മീരില്‍ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തന വിഭാഗം തലവന്‍ അബു ഖാലിദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ലദൂരയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ വീരമൃത്യു വരിച്ചു.
മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു സുരക്ഷാസേന പരിശോധന നടത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് ഖാലിദ് വധിക്കപ്പെട്ടത്. ജമ്മു കശ്മീര്‍ പോലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സിആര്‍പിഎഫും സൈന്യവും ചേര്‍ന്നായിരുന്നു തിരച്ചില്‍.
വടക്കന്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നതു പാക്ക് പൗരനായ അബു ഖാലിദ് ആയിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാസേനകളുടെ കേന്ദ്രങ്ങള്‍ക്കും പോലീസുകാര്‍ക്കും നേരേ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മുഖ്യ പങ്കു വഹിച്ചയാളാണ് ഖാലിദെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്.പി. വൈദ് അറിയിച്ചു.