ബുറൈദ - ബിനാമി ബിസിനസ് കേസിൽ മലയാളിയെ ബുറൈദ ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അൽഖസീം പ്രവിശ്യയിലെ അൽബദായിഇൽ കംപ്യൂട്ടർ, മൊബൈൽ ഫോൺ ഷോപ്പ് ബിനാമിയായി നടത്തിയ ശബീർ അലി മൊയ്തീൻകുട്ടിക്കാണ് ശിക്ഷ. പിഴ ചുമത്തിയ കോടതി സ്ഥാപനം അടപ്പിക്കാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും ഉത്തരവിട്ടു.
നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ശബീർ അലിയെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തും. ശബീർ അലിയുടെ പേരുവിവരങ്ങളും ഇയാൾ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും വിധിയുണ്ട്.
അൽബദായിഇൽ കംപ്യൂട്ടർ, മൊബൈൽ ഫോൺ, ക്യാമറ, സ്‌പെയർ പാർട്‌സ് എന്നിവയുടെ ഇറക്കുമതി, വ്യാപാര, റിപ്പയർ മേഖലയിലാണ് ശബീർ അലി ബിനാമി സ്ഥാപനം നടത്തിയിരുന്നത്. ശബീർ അലി സഞ്ചരിച്ച സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതാണ് ബിനാമി ബിസിനസ് കണ്ടെത്താൻ സഹായകമായത്. ഇയാളുടെ കാറിൽ അഞ്ചു ലക്ഷത്തിലേറെ റിയാൽ സുരക്ഷാ വകുപ്പുകൾ കണ്ടെത്തുകയായിരുന്നു. ബിസിനസ് ആവശ്യാർഥം അൽബദായിഇൽ നിന്ന് റിയാദിലേക്ക് പോകുന്നതിനിടെയാണ് ശബീർ അലിയുടെ കാർ അപകടത്തിൽ പെട്ടത്.
പണത്തിന്റെ നിയമാനുസൃത ഉറവിടം തെളിയിക്കാൻ ശബീർ അലിക്ക് സാധിച്ചില്ല. ഈ പണം സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുക്കുകയും അന്വേഷണ ഭാഗമായി സ്ഥാപനത്തിൽ പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയിൽ സ്ഥാപനം ഇന്ത്യക്കാരൻ സ്വന്തം നിലക്കാണ് നടത്തുന്നതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചു. തുടർന്ന് കേസിലെ പ്രതികളെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുകയും ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുസരിച്ച് വിചാരണ ചെയ്ത് ശിക്ഷിക്കാൻ ഇവർക്കെതിരായ നീതിന്യായ വകുപ്പുകൾക്ക് കൈമാറുകയുമായിരുന്നു.
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ വാണിജ്യ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് വാണിജ്യ മന്ത്രാലയം പാരിതോഷികം നൽകും. നിയമലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനത്തോളമാണ് വിവരം നൽകുന്നവർക്ക് പാരിതോഷികം ലഭിക്കുക. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് പരമാവധി പത്തു ലക്ഷം റിയാൽ വരെയാണ് പാരിതോഷികമായി കൈമാറുക.