തിരുവനന്തപുരം- സെക്രട്ടറിയേറ്റിൽ നടക്കുന്ന അഴിമതികൾ പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നിന് യു.ഡി.എഫ് എം.എൽ.എമാരും എം.പിമാരും ഉപവാസം അനുഷ്ഠിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഗുരുതരമായ സ്വർണക്കടത്തു കേസ് വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേരെയാണ്. സെക്രട്ടറിയറ്റിൽ നടക്കുന്ന അഴിമതികൾ പുറത്തുവരാൻ സിബിഐ അന്വേഷണം കൂടിയേ തീരൂവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് 'സ്പീക്ക് അപ്പ് കേരള' പ്രതിഷേധം കേരളമൊട്ടാകെ നടത്തും. വീടുകളിൽ നിന്നുകൊണ്ടു അനീതിക്കെതിരെ ശബ്ദമുയർത്താനാണ് ഈ പുതിയ സമരരീതി. ഇതിന്റെ ആദ്യപടിയായി ഓഗസ്റ്റ് ഒന്നിന് കേരളമൊട്ടാകെയുള്ള യുഡിഎഫ് എം എൽ എഎം പിമാർ സ്വന്തം ഓഫീസ് അല്ലെങ്കിൽ വീട്ടിൽ ഉപവാസം അനുഷ്ഠിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.