കുവൈത്ത് സിറ്റി - കുവൈത്തില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ മൂന്നാം ഘട്ട കര്‍ഫ്യൂ ഇളവ് നിലവില്‍വരും. കുവൈത്ത് മന്ത്രിസഭയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ടാക്‌സി സര്‍വീസിനും ഹോട്ടലുകളും റിസോര്‍ട്ടുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനും ചൊവ്വാഴ്ച മുതല്‍ അനുമതിയുണ്ടാകുമെന്ന് കുവൈത്ത് ഗവണ്‍മെന്റ് വക്താവ് താരിഖ് അല്‍മസ്‌റം അറിയിച്ചു. മൂന്നാം ഘട്ട കര്‍ഫ്യൂ ഇളവുകള്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഇതിന് ഒരാഴ്ച കാലതാമസമുണ്ടാവുകയായിരുന്നു.
അടുത്ത ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യൂ സമയം രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ മൂന്നു വരെയായി ചുരുക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ മസ്ജിദുകളിലും ഔഖാഫ് മന്ത്രാലയം നിര്‍ണയിക്കുന്ന ഈദ് ഗാഹുകളിലും ബലിപെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മുഴുവന്‍ ആരോഗ്യ വ്യവസ്ഥകളും ബാധകമായിരിക്കും. നിലവില്‍ വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് കുവൈത്തില്‍ കര്‍ഫ്യൂ പ്രാബല്യത്തിലുള്ളത്.