കണ്ണൂര്‍- പാലത്തായി പീഡനക്കേസ് അട്ടിമറിച്ചത് എസ്ഡിപിഐ ആണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. പതിനൊന്നുവയസുകാരിയെ ആര്‍എസ്എസ് നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം ജനുവരിയിലാണ് നടന്നത്. എന്നാല്‍ മാര്‍ച്ച് 17നാണ് പാനൂര്‍ പോലിസില്‍ പരാതി ലഭിക്കുന്നത്. അന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍ വെച്ച് ചൈല്‍ഡ് ലൈന്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആ മൊഴിയി്# പീഡിപ്പിക്കപ്പെട്ട ദിവസം പറഞ്ഞിരുന്നില്ല.പോലിസില്‍ നല്‍കിയ പരാതിയിലും തീയതി കൃത്യമായി പറഞ്ഞില്ല. പീഡനത്തില്‍ കുട്ടിക്ക് ആന്തരികമായി പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എന്നാല്‍ മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ തീയതി എങ്ങിനെ കടന്നു കൂടിയെന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. ആരാണ് കേസ് വഴി തെറ്റിക്കാന്‍ പെണ്‍കുട്ടിയ്ക്ക് നിര്‍ദേശം നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു. ഈ വിഷയം സംബന്ധിച്ച് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിലും ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ കേസില്‍ കടന്നുകയറി പ്രവര്‍ത്തിച്ച ഒരു സംഘടനയെ കുറിച്ച് പറയുന്നുണ്ട്. അത് എസ്ഡിപിഐയാണെന്നും ജയരാജന്‍ പറഞ്ഞു.
ഈ കേസിനെ പ്രതിസന്ധിയിലെത്തിച്ചതില്‍ ആര്‍ക്കാണ് പങ്കെന്ന ചോദ്യത്തിന് എസ്ഡിപിഐയാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പിടികൂടാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗും കോണ്‍ഗ്രസും സമരം നടത്തുമ്പോള്‍ എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് കേസിലെ പ്രതിയായ ആര്‍എസ്എസ് നേതാവും മറ്റൊരു സംഘപരിവാര്‍ നേതാവുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.