Sorry, you need to enable JavaScript to visit this website.

വി.സി ഹാരിസ് അന്തരിച്ചു

കൊച്ചി- എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടർ വി.സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. 
മലയാളത്തിലെ പ്രമുഖ സാഹിത്യ നിരീക്ഷകനും എഴുത്തുകാരനുമായിരുന്ന വി.സി ഹാരിസ് ഉത്തരാധുനികതയെ പറ്റിയുള്ള സംവാദങ്ങളിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്നു. മയ്യഴിയിൽ ജനിച്ച ഹാരിസ് മയ്യഴി ജവഹർലാൽ നെഹ്‌റു സ്‌കൂൾ, കണ്ണൂർ എസ്.എൻ കോളേജ്, കാലിക്കറ്റ് സർവകലാശാല എന്നിവടങ്ങളിൽ പഠനം നടത്തി. പിന്നീട് ഫാറൂഖ് കോളെജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ലക്ചറായി. എം.ജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ ഡയറക്ടറായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഹാരിസിനെ ഡയറക്ടർ സ്ഥാനത്ത്്‌നിന്ന് സിൻഡിക്കേറ്റ് പുറത്താക്കിയെങ്കിലും ഹൈക്കോടതി അദ്ദേഹത്തെ തിരിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നു. 
സാമുവേൽ ബെക്കറ്റിന്റെ ക്രാപ്‌സ് ലാസ്റ്റ് ടേയ്പ് എന്ന കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. മാധവിക്കുട്ടിയെടെ ചന്ദനമരങ്ങൾ, മേതിലിന്റെ ആൽഫ്രെഡ് ഹിച്ച്‌കോക്കിന്റെ പ്രേമഗാനം, പി.ടി നരേന്ദ്രനാഥിന്റെ നമ്പൂരിച്ചനും ദിവ്യമന്ത്രവും, നരേന്ദ്രപ്രസാദിന്റെ സൗപർണിക, പി. ബാലചന്ദ്രന്റെ പാവം ഉസ്മാൻ തുടങ്ങിയ ഇംഗ്ലീഷിലാക്കി. ഡി.സി ബുക്‌സ് പുറത്തിറക്കിയ നവ സിദ്ധാന്തങ്ങൾ എന്ന പുസ്തകത്തിന്റെ എഡിറ്റർമാരിൽ ഒരാളായിരുന്നു. ഫ്രഞ്ച് ചിന്തകനായ ദറിദയെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹാരിസായിരുന്നു. ബ്രിസ്‌ബെയിൻ ചലച്ചിത്രോത്സവങ്ങളിൽ മലയാളം സിനിമകളുടെ ക്യുറേറ്ററായും പങ്കെടുത്തു. 
ടി.കെ രാജീവ് കുമാറിന്റെ ജലമർമരം, സാരി, കവർ സ്റ്റോറി, സ്ഥലം, മൺസൂൺ മാംഗോസ്, സഖാവ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
 

Latest News