മക്ക - മക്കയിലെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഇമാം ജോലിയില്‍ വിദേശികളെ വിലക്കാന്‍ മക്ക മസ്ജിദ്കാര്യ വകുപ്പ് നിര്‍ദേശം നല്‍കി. മസ്ജിദുകളിലെ തഹ്ഫീദുല്‍ ഖുര്‍ആന്‍ ക്ലാസുകളില്‍ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നതില്‍ നിന്നും വിദേശികളെ വിലക്കാന്‍ നിര്‍ദേശമുണ്ട്. മക്കയിലെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഒരു പ്രത്യേക രാജ്യത്തു നിന്നുള്ളവര്‍ ഇമാമുമാരായും തഹ്ഫീദുല്‍ ഖുര്‍ആന്‍ ക്ലാസ് അധ്യാപകരായും സേവനമനുഷ്ഠിക്കുന്നില്ല എന്ന് പ്രത്യേകം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
ഇതിന് വിരുദ്ധമായി ഏതെങ്കിലും മസ്ജിദുകളില്‍ വിദേശികള്‍ ഇമാമുമാരായും ഖുര്‍ആന്‍ ക്ലാസ് അധ്യാപകരായും ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മസ്ജിദ്കാര്യ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പറഞ്ഞു. മസ്ജിദ്കാര്യ വകുപ്പിന്റെ അംഗീകാരമില്ലാത്ത സൗദികളെ പള്ളികളില്‍ ഇമാമുമാരായും തഹ്ഫീദുല്‍ ഖുര്‍ആന്‍ അധ്യാപകരായും നിയോഗിക്കരുതെന്നും ഇമാമുമാരായും തഹ്ഫീദുല്‍ ഖുര്‍ആന്‍ അധ്യാപകരായും പകരക്കാരായി വിദേശികളെ താല്‍ക്കാലികമായി ചുമതലപ്പെടുത്തരുതെന്നും മസ്ജിദ്കാര്യ വകുപ്പ് നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.