റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അല്ലാഹുവിനെ സ്തുതിച്ചും പ്രാര്‍ഥിച്ചും സൗദി ജനതയും വിദേശികളും.
ഇസ്്‌ലാമിനും മുസ്ലിംകള്‍ക്കുവേണ്ടി സേവനമനുഷ്ഠിക്കുന്ന രാജാവിന്റെ ശസ്ത്രക്രിയ സുരക്ഷിതമായി പൂര്‍ത്തിയായതില്‍ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
വിവിധ മന്ത്രാലയങ്ങളും രാജകുമാരന്മാരും സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ സന്തോഷവും പ്രാര്‍ഥനകളും പങ്കുവെച്ചു.
റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ച് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രാജാവിന്റെ പിത്താശയം നീക്കം ചെയ്യുകയായിരുന്നു. മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്ത ചികിത്സാ പദ്ധതി പ്രകാരം രാജാവ് ആശുപത്രിയില്‍ തുടരുമെന്നും റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.
പിത്താശയ വീക്കം മൂലം പരിശോധനകള്‍ക്കായി ഈ മാസം 20 നാണ് രാജാവിനെ റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവ് പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഫോണില്‍ ബന്ധപ്പെട്ട് സല്‍മാന്‍ രാജാവിന്റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു. പൊതുതാല്‍പര്യമുള്ള പ്രധാന വിഷയങ്ങളും പ്രാദേശിക, ആഗോള തലങ്ങളിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍, റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍, ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് തുടങ്ങിയ രാജകുമാരന്മാരും മന്ത്രിമാരും പണ്ഡിതരും സല്‍മാന്‍ രാജാവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും രാജാവിനെ അനുമോദിക്കുകയും ചെയ്തു. രാജാവിന്റെ രോഗശമന വാര്‍ത്ത സ്വദേശികളുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും ഹൃദയങ്ങളെയും വികാരങ്ങളെയും സ്പര്‍ശിച്ചതായി ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു.