അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം.. പാട്ട് അടുത്തിടെ പരാമർശിച്ചതാണ്.ഏകദേശം അര നൂറ്റാണ്ടിനപ്പുറം പുറത്തിറങ്ങിയ റോസി എന്ന പടത്തിലെ ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ മധുര സ്വരത്തിന്റെ പൂർണത അലിഞ്ഞു ചേർന്ന ഗാനം. യുട്യൂബിൽ ഈ പാട്ടിന് വന്ന ഒരു കമന്റ് ഏറെ വേദനിപ്പിക്കുന്നതാണ്. സംഗതിയൊക്കെ കൊള്ളാം, ഇതിന്റെ മ്യൂസിക് ഡയറക്ടർക്ക് പ്രതിഫലം ലഭിച്ചിട്ടില്ല. ശരിയാണെങ്കിൽ ഒട്ടും അതിശയോക്തിയില്ല.
നദി സിനിമക്ക് പാട്ടെഴുതാൻ വയലാർ ഒരു മാസം ആലുവയിൽ പെരിയാറിന്റെ തീരത്ത് താമസിച്ചിരുന്നതായും കേട്ടിട്ടുണ്ട്. കലാരംഗത്തോടുള്ള പ്രതിബദ്ധതയായിരുന്നു പ്രധാനം. നിത്യഹരിത നായകൻ പ്രേംനസീർ താൻ അഭിനയിച്ച സിനിമ വല്ല കാരണവശാലും വിജയിച്ചില്ലെങ്കിൽ അതേ നിർമാതാവിന്റെ രണ്ടോ മൂന്നോ ചിത്രങ്ങളിൽ സൗജന്യമായി അഭിനയിക്കുമായിരുന്നുവത്രേ. ഇതെല്ലാം മലയാള സിനിമയിലെ നന്മയുടെ കാലഘട്ടം. നീല, ഉദയ, നവോദയ, സെഞ്ചുറി, സെൻട്രൽ എന്നിങ്ങനെ എണ്ണം പറഞ്ഞ ബാനറുകളും വിസ്മൃതിയിലായി. കോഴിക്കോട്ടെ ഗൃഹലക്ഷ്്മിയും സർഗചിത്രയും പോലും രംഗത്തില്ലെന്ന് വേണം ധരിക്കാൻ.
ഇപ്പോൾ ഒരു വർഷം ഏകദേശം 150 നും 175 നും ഇടയിലാണ് മലയാളത്തിലിറങ്ങുന്ന സിനിമകൾ. ഇതിൽ പരമാവധി മുപ്പതോളം സിനിമകൾക്ക് മാത്രമേ മുതൽമുടക്ക് ലഭിക്കുകയുള്ളൂ. ബഹു ഭൂരിപക്ഷത്തിനും മുതൽമുടക്ക് പോലും തിരിച്ച് ലഭിക്കാറില്ലന്നതാണ് യാഥാർത്ഥ്യം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമാ മേഖലയിലേക്ക് ഒഴുകുന്ന പണത്തിന് ഒരു കുറവും വന്നിട്ടില്ല. കള്ളപ്പണം വെളുപ്പിക്കാൻ സിനിമാ വ്യവസായത്തെ മറയാക്കുന്നുവെന്ന സംശയമുയരുന്നത് ഇവിടെയാണ്.
കഴിഞ്ഞ വർഷം -2019 ലെ കണക്കെടുക്കാം. 192 ചിത്രങ്ങളാണ് മലയാളത്തിൽ റിലീസ് ചെയ്തത്. ഇതിൽ 23 എണ്ണത്തിനേ ചെലവായ പണം തിരിച്ചു പിടിക്കാൻ കഴിഞ്ഞുള്ളൂ. അതായത് മുടക്കുമുതലിന്റെ 12 ശതമാനം മാത്രമാണ് തിരിച്ചെത്തിയത്. 800 കോടി ചെലവായപ്പോൾ 550 കോടിയും നഷ്ടമാവുകയായിരുന്നുവെന്ന് നിർമാതാക്കളും പറയുന്നു.
തിരുവനന്തപുരം കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് മലയാള സിനിമയിലും കളങ്കിത പണം എത്താറുണ്ടെന്ന വിവിരം പ്രചരിച്ചത്. കേരളത്തിലേക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദ്. ഇന്ത്യയുടെ അഭ്യർഥന പ്രകാരം ഫൈസലിന് യു.എ.ഇ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ദുബായ് പോലീസാണ് ഇയാളെ വീട്ടുതടങ്കലിൽ ആക്കിയിരുന്നത്. ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്.
ഫൈസൽ ഫരീദ് സിനിമാ മേഖലയിൽ പണം മുടക്കിയതിനെ കുറിച്ചും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. നാല് മലയാളം സിനിമകൾക്ക് പണം മുടക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അരുൺ ബാലചന്ദ്രൻ വഴിയാണ് പണം മുടക്കിയിരിക്കുന്നത്. ഇതിന് പുറമെ മറ്റു ചില സിനിമകൾക്കായും പണം മുടക്കിയോ എന്നത് സംബന്ധിച്ചും വിശദമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തിവരുന്നത്.
എൻ.ഐ.എ, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ്, ഡി.ആർ.ഐ ഡിപ്പാർട്ടുമെന്റുകൾക്ക് പുറമെ ആദായ നികുതി വകുപ്പും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. അന്വേഷണ സംഘത്തെ സഹായിക്കാൻ ഐ.ബിയും റോയുമാണ് സജീവമായി രംഗത്തുള്ളത്. പല നിർമാതാക്കളുടെയും പിന്നിൽ, വിദേശ സാമ്പത്തിക സ്രോതസ്സാണുള്ളത്. തരുന്ന കാശിന്റെ ഉറവിടം പോലും നോക്കാതെയാണ് പല പ്രോജക്ടുകളിലും താരങ്ങളും സംവിധായകരും ഒപ്പുവെക്കുന്നത്. .
സൂപ്പർ താരങ്ങളുടെ കാൾ ഷീറ്റ് തരപ്പെടുത്താൻ ശേഷിയുള്ളവർക്ക് വൻതുകയാണ് ലഭിക്കുന്നത്. ഇങ്ങനെയാണ് വലിയ പ്രോജക്ടുകളെല്ലാം സംഭവിക്കുന്നത്. പ്രമുഖ സംവിധായകരും സൂപ്പർ താരങ്ങളുടെ കാൾ ഷീറ്റ് ഉറപ്പിച്ചാണ് നിർമാതാക്കളെ തേടി ഇറങ്ങുന്നത്. സിനിമാ മേഖല നഷ്ടക്കച്ചവടമായിട്ടും തുടർച്ചയായി പണം മുടക്കുന്നവരെ കുറിച്ചും ഇപ്പോൾ കേന്ദ്ര സംഘം അന്വേഷിക്കുന്നുണ്ട്.
സൂപ്പർ താരങ്ങളെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്നു വരെയാണ് കൈകൾ നീളുക. ആനക്കൊമ്പ് കേസിലെ പ്രതിയാണെന്നതൊന്നും മോഹൻലാലിന് പത്മഭൂഷൺ നൽകുന്നതിനും ലെഫ്റ്റനന്റ് കേണൽ പദവി നൽകുന്നതിനും തടസ്സമായിരുന്നില്ല. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇത്തരമൊരു പരിഗണനയും ലഭിക്കില്ലായിരുന്നു. മോഹൻലാൽ,
മമ്മൂട്ടി, ദിലീപ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ്, നിവിൻ പോളി എന്നിവരുടെ പ്രതിഫലം മൂന്നു കോടിയും അതിന് മുകളിലുമാണ്. കുഞ്ചാക്കോ ബോബൻ, സുരേഷ് ഗോപി, ജയസൂര്യ, ടൊവിനോ, ആസിഫലി എന്നിവർക്ക് ഒന്നിനും ഒന്നരക്കും ഇടയിലാണ് പ്രതിഫലം. നടിമാരിൽ മഞ്ജു വാര്യർക്കും പാർവതിക്കുമാണ് ഡിമാന്റ്. 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിലാണ് ഇരുവരും വാങ്ങിക്കൊണ്ടിരിക്കുന്നത്.
സിനിമാ രംഗത്തെ പ്രമുഖരിൽ പലരും രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. വിദേശങ്ങളിൽ നടത്തിയ താരനിശകളെ കുറിച്ചും ഇതിന്റെ സംഘാടകരെ കുറിച്ചും റോയും അന്വേഷണം നടത്തുന്നുണ്ട്. താരങ്ങളെ ഉപയോഗിച്ച് സ്വർണക്കള്ളക്കടത്ത് നടത്തിയതായ വിവരത്തെ തുടർന്നാണിത്.
2014 ൽ പുറത്തിറങ്ങിയ 'ഗോഡ്‌സ് ഓൺ കൺട്രി' എന്ന ചിത്രത്തിൽ ഫൈസൽ അഭിനയിച്ചിരുന്നു. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിൽ പോലീസുകാരന്റെ വേഷത്തിലാണ് ഫൈസൽ. ഷാർജയിൽ ചിത്രീകരിച്ച സീനിലാണ് ഫൈസൽ അഭിനയിച്ചിരിക്കുന്നത്.
പോലീസ് വേഷത്തിനായി അറബ് മുഖഛായയുള്ള രണ്ട് യുവാക്കളെ വേണമെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകൻ വാസുദേവൻ മുന്നോട്ടു വെച്ച ആവശ്യം. ഫൈസൽ ഫരീദാണ് അന്ന് ചിത്രത്തിൽ അഭിനയിച്ചതെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതെന്ന് സംവിധായകൻ വാസുദേവൻ പറഞ്ഞു. ഒരു സീനിൽ പോലീസ് വേഷം ചെയ്യാൻ രണ്ട് യുവാക്കളെ ആവശ്യമുണ്ടെന്ന് അവിടെ അഭിനേതാക്കളെ ഏർപ്പാട് ചെയ്യുന്ന ആളെ അറിയിച്ചിരുന്നു. അറബി ഭാഷ അറിയാവുന്ന, അറബ് മുഖഛായയുള്ള രണ്ട് പേരെ വേണമെന്നായിരുന്നു അറിയിച്ചതെന്നും സംവിധായകൻ വ്യക്തമാക്കി.
തന്റെ സിനിമയിൽ അഭിനയിച്ചത് ഫൈസൽ ഫരീദാണെന്ന കാര്യം മാധ്യമങ്ങളിൽ വന്നപ്പോഴാണ് മനസ്സിലായത്. എന്നാൽ അയാൾ തന്നെയാണ് ഈ ഫൈസൽ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗോഡ്‌സ് ഓൺ കൺട്രി എന്ന ചിത്രത്തിൽ മൂന്ന് സെക്കൻഡ് മാത്രമായിരുന്നു ഫൈസൽ ഫരീദ് അഭിനയിച്ചത്. ചിത്രത്തിത്തിന്റെ ക്രെഡിറ്റ്‌സ് ലൈനിലും ഫൈസൽ ഫരീദിന്റെ പേര് വന്നിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിന് മനുഷ്യക്കടത്ത് കേസിൽ പങ്കുണ്ടെന്ന് എൻ.ഐ.എ പറയുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് എൻ.ഐ.എ. ഒരു വർഷം മുമ്പ് സ്വപ്‌ന ഉൾപ്പെട്ട മനുഷ്യക്കടത്തിനെ കുറിച്ചാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചത്. മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകന്റെ മകളെ വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയതിനെ കുറിച്ച് ഉയർന്ന പരാതിയാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെൺകുട്ടി നൽകിയ സൂചനകൾ സ്വപ്‌നയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഫൈസൽ ഫരീദിന് മലയാള സിനിമയിലെ സംവിധായകരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ബോളിവുഡ് നടൻ അർജുൻ കപൂറാണ് ഫൈസലിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. നാല് മലയാള സിനിമകൾക്കായും ഇയാൾ പണമിറക്കിയിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ് സിനിമക്ക് ഉൾപ്പെടെ ഫൈസലും സുഹൃത്തുക്കളും ചേർന്ന് പണമിറക്കിയിരുന്നു.
ഇന്ത്യൻ സിനിമയുടെ മാഫിയ ബന്ധം പുതിയ കാര്യമല്ല. ഈ നൂറ്റാണ്ട് തുടങ്ങുമ്പോൾ ദുബായ് കേന്ദ്രീകരിച്ച് ബോളിവുഡ് സിനിമകളെ ചുറ്റിപ്പറ്റി വിവാദങ്ങളുണ്ടായിരുന്നു. ചോരി ചോരി ചുപ്‌കേ ചുപേകേ, ദിൽസേ എന്നീ സിനിമകൾക്ക് പണം മുടക്കിയ ഭരത് ഷായുടെ കേസ് പിന്നെ എന്തായെന്ന് ഒരു വിവരവുമില്ല. നടി മന്ദാകിനിയുടെ ജീവിതം മാറ്റിമറിച്ചതും ഇത്തരം ബന്ധങ്ങളല്ലേ? ഏതായാലും മലയാള സിനിമ ദേശീയ നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു, ആഹ്ലാദിപ്പിൻ.